ഡൽഹി: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിൽ ഏപ്രിൽ 9ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. വോട്ടെണ്ണൽ മെയ് 4ന് നടക്കും. കേരളത്തിൽ 30,471 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. 4.24 ലക്ഷം പേരാണ് പുതിയതായി വോട്ടർ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ആകെ 124 ജനറൽ മണ്ഡലങ്ങളും 14 എസ്.സി മണ്ഡലങ്ങളുമാണുള്ളത്.
അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഏപ്രിൽ 9ന് വോട്ടെടുപ്പ് നടക്കും. തമിഴ്നാട്ടിൽ ഏപ്രിൽ 23നും വോട്ടെടുപ്പ് നടക്കും. ബംഗാളിൽ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രിൽ 23 നും രണ്ടാം ഘട്ടം 29നും നടക്കും. എല്ലായിടത്തും വോട്ടെണ്ണൽ മെയ് 4 ന് നടക്കും. ആകെ 17.4 കോടി വോട്ടർമാരാണ് അഞ്ച് സംസ്ഥാനങ്ങളിലായി വിധിയെഴുതുന്നത്. മുതിർന്ന പൗരന്മാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
പശ്ചിമബംഗാളിൽ 294, തമിഴ്നാട്ടിൽ 234, അസമിൽ 126, പുതുച്ചേരിയിൽ 30 എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 824 നിയമസഭ മണ്ഡങ്ങളിൽ 2.19 ലക്ഷം ബൂത്തുകളും 25 ലക്ഷം ഉദ്യോഗസ്ഥരും ഉണ്ടാകും. പോളിംഗ് ബൂത്തുകളിൽ, കുടിവെള്ളം, വിൽ ചെയർ, ഹെൽപ്പ് ഡസ്ക്, മൊബൈൽ ഫോൺ വെക്കാൻ പ്രത്യേക സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുമെന്ന് ഗ്യാനേഷ് കുമാർ അറിയിച്ചു.