തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ സംസ്ഥാനത്ത് രാഷ്ട്രീയ ജാഥകളുടെ പൂരക്കാലം. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫും, ഭരണം പിടിച്ചെടുക്കാൻ യുഡിഎഫും, കരുത്തുറ്റ സാന്നിധ്യമാകാൻ എൻഡിഎയും സജീവമായതോടെ സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളും ഇപ്പോൾ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൻ്റെ ആവേശത്തിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന ജാഥകൾ പതിവ് കാഴ്ചയാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് മൂന്നു മുന്നണികൾക്കും നിർണായകമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങൾക്ക് മുമ്പ് തന്നെ തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു എൽഡിഎഫും യുഡിഎഫും എൻഡിഎയും. ഒരു പതിറ്റാണ്ടായി പ്രതിപക്ഷത്ത് തുടരുന്ന കോൺഗ്രസിന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിൻ്റെ കരുനീക്കങ്ങൾ അധികാരത്തിൽ തിരിച്ചെത്താൻ ഗുണകരമാകുമോ എന്നത് രാഷ്ട്രീയ കേരളം ചർച്ച ചെയ്യുകയാണ്. ആ പ്രചാരണ തന്ത്രങ്ങളുടെ ഭാഗമായാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ നയിക്കുന്ന പുതു യുഗ യാത്ര.
അധികാരത്തിലേക്കുള്ള യാത്രയിൽ ഇത്തരം ജാഥകൾക്കുള്ള പ്രാധാന്യം ഇപ്പോഴും പൊയ് പോയിട്ടില്ല. വി.ഡി. സതീശൻ്റെ പുതുയുഗ യാത്ര കാസർഗോഡ് ജില്ലയിലെ കുമ്പളയിൽ നിന്ന് ആരംഭിച്ചപ്പോൾ, എൽഡിഎഫ് ചരിത്രത്തിൽ ആദ്യമായി മൂന്ന് മേഖലാജാഥകൾ ആണ് സംഘടിപ്പിച്ചത്. സാധാരണഗതിയിൽ തെക്കുനിന്നും വടക്കുനിന്നും രണ്ടു ജാഥകൾ നയിക്കുന്നതാണ് എൽഡിഎഫിൻ്റെ രീതി. അതിലൊന്നിന് സിപിഐഎമ്മും മറ്റൊന്നിന് സിപിഐയും നേതൃത്വം നൽകും. എന്നാൽ, ഇത്തവണ പുതിയതായി മധ്യമേഖലാജാഥ എൽഡിഎഫ് പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് എം. നേതാവ് ജോസ് കെ. മാണിയാണ് ജാഥ നയിച്ചത്.
യുഡിഎഫ് പാളയത്തിലേക്ക് കേരള കോൺഗ്രസ് എമ്മിനെ തിരികെ എത്തിക്കാനുള്ള നീക്കത്തെ ജോസ് കെ. മാണി നയിക്കുന്ന ജാഥയിലൂടെ പ്രതിരോധിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. എൽഡിഎഫിൻ്റെ തെക്കൻ മേഖല ജാഥക്ക് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും, വടക്കൻ മേഖലാജാഥയ്ക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നേതൃത്വം നൽകിയപ്പോൾ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി നയിച്ച മധ്യമേഖല ജാഥയുടെ വൈസ് ക്യാപ്റ്റൻ കെ.കെ. ശൈലജയായിരുന്നു. സംഘടന സംവിധാനം കൊണ്ട് ജനപങ്കാളിത്തം ഉറപ്പിക്കാൻ എൽഡിഎഫിന് സാധിച്ചപ്പോൾ, യുഡിഎഫിൻ്റെ പുതുയുഗയാത്രയ്ക്കും ആവേശകരമായ സ്വീകരണമാണ് ലഭിച്ചുവരുന്നത്. നിയോജകമണ്ഡലം അടിസ്ഥാനത്തിലും എൽഡിഎഫ് വികസന ജാഥകൾ ആരംഭിച്ചുകഴിഞ്ഞു.
അതേസമയം എൻഡിഎയെ നയിക്കുന്ന ബിജെപി ആകട്ടെ ജാഥകൾക്ക് മുൻപായി സാധ്യതയുള്ള മണ്ഡലങ്ങളിൽ അണിയറ പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ്. മൂന്നാം തുടർഭരണത്തിനായി എൽഡിഎഫും, എങ്ങനെയും ഭരണം തിരിച്ചു പിടിക്കാൻ യുഡിഎഫും പോരടിക്കുമ്പോൾ, പൂട്ടിപ്പോയ അക്കൗണ്ട് തുറക്കുന്നതിനൊപ്പം കൂടുതൽ നിയമസഭാ മണ്ഡലങ്ങളിൽ സാന്നിധ്യം ഉറപ്പിക്കാനുമാണ് എൻഡിഎയുടെ ശ്രമം. എൽഡിഎഫ് മേഖലാജാഥകൾ മൂന്നിടങ്ങളിലായി സമാപിക്കുമ്പോൾ, യുഡിഎഫിൻ്റെ പുതു യുഗ യാത്രയ്ക്ക് തിരുവനന്തപുരത്ത് വൻ ജന പങ്കാളിത്തത്തോടെ സമാപനം കുറിക്കാനാണ് കോൺഗ്രസിൻ്റെ പരിശ്രമം.