KERALA

റെക്കോര്‍ഡ് ഭേദിച്ച് വൈദ്യുതി ഉപഭോഗം; കേരളം ഇന്നലെ ഉപയോഗിച്ചത് 116.11 ദശലക്ഷം യൂണിറ്റ് വൈദ്യുതി

കഴിഞ്ഞ ദിവസം വൈകുന്നേരത്തെ വൈദ്യതി ആവശ്യകതയും റെക്കോർഡിൽ എത്തി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും റെക്കോർഡ് തകർത്ത് വൈദ്യുതി ഉപഭോ​ഗം. 116.11 ദശലക്ഷം യുണിറ്റ് വൈദ്യുതിയായിരുന്നു കഴിഞ്ഞ ദിവസം മാത്രം കേരളം ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തെ വൈദ്യതി ആവശ്യകതയും റെക്കോർഡിൽ എത്തി. 6013 മെഗാവാട്ട് ആയിരുന്നു വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത.

2024 മെയ് മാസത്തിലെ റെക്കോർഡാണ് കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപഭോഗം കൊണ്ട് തിരുത്തിയത്. 115.94 ദശലക്ഷം യൂണിറ്റ് ആയിരുന്നു അന്നത്തെ റെക്കോർഡ്. ഏപ്രിൽ 15ന് 112.52 ദശലക്ഷമായിരുന്നു സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. വൈദ്യുതി ആവശ്യകത 6000 മെഗാ വാട്ട് മറികടന്നാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കിയത്.

നിലവിൽ ഔദ്യോഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും വൈകുന്നേരം ആറ് മുതൽ 10 വരെയുള്ള വൈദ്യുതി ഉപഭോഗത്തിൽ നിയന്ത്രണം വരുത്തണമെന്നും കെഎസ്ഇബി അഭ്യർഥിച്ചിരുന്നു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നും പവർക്കട്ട് വരില്ലെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടിയും ഉറപ്പ് നൽകിയിരുന്നു. പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വരും. എങ്കിലും കറന്റ് ബില്ല് കൂടില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

SCROLL FOR NEXT