ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ പ്രഖ്യാപനം വലിയ ചർച്ചയായിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞും സതീശന്റെ പ്രഖ്യാപനം ട്രോളുകൾക്കും രാഷ്ട്രീയ ചർച്ചകൾക്കും ഇടയാക്കുന്നുണ്ട്. ഇപ്പോഴിതാ വാഗമണ്ണിൽ 'വനവാസം' റിസോർട്ട് ഉദ്ഘാടനം ചെയ്തിരിക്കുകയാണ് വി.ഡി. സതീശൻ. പദപ്രയോഗത്തിലെ ആ സാമ്യം ഒരു നിമിത്തം പോലെ പ്രതിപക്ഷ നേതാവിനെ തേടിയെത്തിയിരിക്കുന്നു എന്ന് തന്നെ പറയാം.
മുൻ വനംമന്ത്രി കെ.പി. വിശ്വനാഥന്റെ സഹോദരിയുടെ മകൻ അശ്വിന്റേതാണ് റിസോർട്ട്. വനവാസ വിവാദത്തിന് മുമ്പേയിട്ടതാണ് ഈ പേരെന്നും ഉദ്ഘാടനത്തിന് ക്ഷണിച്ച സമയത്ത് പേര് കേട്ടപ്പോൾ തമാശയാണ് തോന്നിയതെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം പരുന്തുംപാറ സന്ദർശിച്ചതിന്റെ വീഡിയോ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വലിയ വാർത്തയായിരുന്നു. “വനത്തിലാണ്, വനവാസത്തിലല്ല” എന്ന രസകരമായ അടിക്കുറിപ്പോടെയാണ് ഭാര്യക്കും മകൾക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ള യാത്രയുടെ ദൃശ്യങ്ങൾ അദ്ദേഹം പോസ്റ്റ് ചെയ്തത്.
തെരഞ്ഞെടുപ്പ് ഫലം വരും മുമ്പ് പെരിയാർ കടുവ സങ്കേതത്തിലേക്ക് ട്രക്കിങ് ആസൂത്രണം ചെയ്തിട്ടുണ്ടെന്നും സതീശൻ പറഞ്ഞിരുന്നു. സമയം കിട്ടുമ്പോൾ ട്രക്കിങ് ശീലമാണ്. സൈലന്റ് വാലി, പറമ്പിക്കുളം, അഗസ്ത്യാർകൂടം, സത്യമംഗലം തുടങ്ങിയ വനങ്ങളിലേക്ക് മുമ്പ് പോയിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.