ആന ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ Source: News Malayalam 24x7
KERALA

അങ്കമാലിയിൽ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞു; ആക്രമണത്തിൽ ഒരാൾ മരിച്ചു

ആനയുടെ ചവിട്ടേറ്റ ഒന്നാം പാപ്പാൻ പ്രദീപ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: അങ്കമാലിയിൽ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആനയുടെ ചവിട്ടേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവർ കൊല്ലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആനയുടെ ചവിട്ടേറ്റ ഒന്നാം പാപ്പാൻ പ്രദീപ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദീപിൻ്റെ നട്ടെല്ലിനാണ് പരിക്കേറ്റത്. കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിനായി എത്തിച്ച കൊല്ലം മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്.

ആനയെ മയക്കുവെടി വച്ച് തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആന സമീപത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളും സാമഗ്രികളും കുത്തിമറിച്ചിടുകയും നശിപ്പിക്കുകയും ചെയ്തുകൊണ്ട് ഇപ്പോഴും പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് മണിക്കൂറിലേറെ നേരമാണ് ആന പ്രദേശത്ത് വിരണ്ടുനിന്നത്. നിലവിൽ ആർആർടി സംഘം ഉൾപ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.

അതേസമയം, 16 വർഷക്കാലമായി ആനയെ വാങ്ങിയിട്ടെന്നും ഇത്തരത്തിൽ ഒരു അനുഭവം ആദ്യമായിട്ടാണെന്നും ആനയുടമ മയ്യനാട് സ്വദേശി രാജു പറഞ്ഞു. തൃശൂർ പൂരത്തിനടക്കം പങ്കെടുത്ത ആനയാണ്. കൊല്ലം ജില്ലയിലും മറ്റ് വിവിധ ജില്ലകളിലും ഉത്സവത്തിനായി പാർത്ഥസാരഥി പോകാറുണ്ട്. ആനയെ നിലവിൽ പത്തനംതിട്ട കൊടുമൺ സ്വദേശിക്ക് പാട്ടത്തിന് നൽകിയിരിക്കുകയാണെന്നും രാജു പറഞ്ഞു.

SCROLL FOR NEXT