ആനയെ മർദിക്കുന്ന ദൃശ്യങ്ങൾ Source: News Malayalam 24x7
KERALA

പൊട്ടിയൊലിക്കുന്ന മുറിവിൽ വീണ്ടും ആഞ്ഞടിച്ച് ക്രൂരത; തിരുവനന്തപുരം ഉള്ളൂരിൽ മദ്യലഹരിയിൽ ആനയെ മർദിച്ച് പാപ്പാൻ

ആനയെ മർദിക്കുന്ന ദൃശ്യങ്ങൾ അടക്കം പൗരസമിതി വനംവകുപ്പിനും ദേവസ്വം ബോർഡിനും പരാതി നൽകി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഉള്ളൂരിൽ മദ്യലഹരിയിൽ ആനയെ ക്രൂരമായി മർദിച്ച് പാപ്പാൻ. ദേവസ്വം ബോർഡിന്റെ ഉള്ളൂർ കാർത്തികേയൻ എന്ന ആനയെ പാപ്പാൻ മർദിച്ചെന്നാണ് പരാതി. ആനയെ മർദിക്കുന്ന ദൃശ്യങ്ങൾ അടക്കം പൗരസമിതി വനംവകുപ്പിനും ദേവസ്വം ബോർഡിനും പരാതി നൽകി.

മദപ്പാടുള്ളതിനാൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആനയെ കെട്ടിയിട്ടിരിക്കുകയാണ്. അസിസ്റ്റൻ്റ് ദേവസ്വം കമ്മീഷണറുടെ ഓഫീസിന് സമീപമാണ് ആനയെ കെട്ടിയിട്ടിരിക്കുന്നത്. കാലുകളിൽ ചങ്ങലയിട്ട ഭാഗത്ത് വ്രണം രൂപപ്പെട്ടിട്ടുണ്ട്. ഈ മുറിവിലാണ് പാപ്പാൻ മർദിച്ചത്. പാപ്പാനോടൊപ്പം രണ്ട് ജീവനക്കാരും ആനയെ മർദിക്കുന്നുണ്ട്.

"മദപ്പാടിൽ നിൽക്കുന്ന ആനയുടെ കാലുകൾ മുറിഞ്ഞ് പൊട്ടി ഒലിക്കുകയാണ്.ഈ മുറിവിൽ തന്നെ പാപ്പാൻമാർ വീണ്ടും അടിക്കുകയാണ്.ദേവസ്വം ഓഫീസുള്ള കോമ്പൗണ്ടിനുള്ളിൽ തന്നെയാണ് ആനയെ ക്രൂരമായി മർദിക്കുന്നത്," പൗരസമിതി അംഗം പറയുന്നു. പൗരസമിതി തന്നെയാണ് ഇത് ചിത്രീകരിച്ച് ദേവസ്വം ഓഫീസിനും വനംവകുപ്പിനും പരാതി നൽകിയിരിക്കുന്നത്. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നും ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

SCROLL FOR NEXT