ഏലിയാഹൂ ബെസലേൽ  Source: News Malayalam 24x7
KERALA

പ്രവാസി ഭാരതീയ സമ്മാൻ നേടിയ ഇസ്രയേലുകാരനായ ഇന്ത്യൻ വംശജന്‍; ഏലിയാഹൂ ബെസലേൽ അന്തരിച്ചു

എഴുത്തുകാരൻ സേതുവാണ്‌ ഏലിയാഹുവിൻ്റെ മരണവിവരം ഫേസ്‌ബുക്കിൽ പങ്കുവച്ചത്‌.

Author : ന്യൂസ് ഡെസ്ക്

എറണാകുളം: പ്രവാസി ഭാരതീയ സമ്മാൻ നേടിയ ആദ്യ ഇസ്രയേലുകാരനായ ഇന്ത്യൻ വംശജനും, മികച്ച കാർഷിക കയറ്റുമതിക്കാരനുള്ള അവാർഡ് ജേതാവുമായ ഏലിയാഹൂ ബെസലേൽ (95) അന്തരിച്ചു. എഴുത്തുകാരൻ സേതുവാണ്‌ ഏലിയാഹുവിൻ്റെ മരണവിവരം ഫേസ്‌ബുക്കിൽ പങ്കുവച്ചത്‌.

കേരളത്തിലെ ജൂതസമൂഹത്തിലെ പ്രധാനിയും കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് ആഗോള പ്രശസ്തനുമായിരുന്നു ഏലിയാഹൂ ബെസലേൽ. കെടാമംഗലം സെയ്ൻ്റ് മേരീസ് എൽപി സ്കൂൾ, പാലിയം സ്കൂൾ, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം.

ഇസ്രയേലിൻ്റെ രൂപവൽക്കരണത്തെ തുടർന്ന് ജൂതന്മാർ മട ങ്ങിയപ്പോൾ ഏലിയാഹുവും കുടുംബവും ഇസ്രയേലിലേക്ക് പോയി. റോസാപ്പൂക്കളടക്കം കൃഷി ചെയ്ത് മരുഭൂമിയിൽ പൂക്കാലം സൃഷ്ടിച്ച ഏലിയാഹു ആഗോള പ്രശസ്തിയിലേക്ക് ഉയർന്നു. തെക്കൻ ഇസ്രയേൽ മരുഭൂമിയിലെ പൂന്തോട്ടം ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള സഞ്ചാരികളുടെ മുഖ്യ ആകർഷണമായി മാറിയിരുന്നു.

1969-ൽ ഇസ്രയേലി കാർഷിക മന്ത്രാലയം ഏലിയാഹൂ ബെസലേലിനെ ഹോർട്ടികൾച്ചർ പഠിക്കാൻ ബ്രിട്ടനിലേക്ക് അയച്ചു. തിരികെ എത്തിയ ശേഷം, രണ്ടുപേരുമായിച്ചേർന്ന് അദ്ദേഹം ഇസ്രയേലിൽ ആദ്യത്തെ ആധുനിക ഹരിതഗൃഹം സ്ഥാപിച്ചു. 1971 മുതൽ അദ്ദേഹം ഇന്ത്യയിലുടനീളം യാത്രചെയ്ത് പ്രഭാഷണങ്ങൾ നടത്തുകയും പൂന്തോട്ട പരിപാലനത്തിലെ സാങ്കേതികവിദ്യകൾ പഠിപ്പിക്കുകയും ചെയ്തു. 1994-ൽ ഇസ്രയേൽ പാർലമെൻ്റ് അദ്ദേഹത്തിന് കപ്ലാൻ പുരസ്കാരം നൽകി ആദരിച്ചിരുന്നു.

SCROLL FOR NEXT