പാലക്കാട്: പി.കെ. ശശി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. ആരോപണത്തിൽ എന്തെങ്കിലും കഴമ്പുണ്ടെങ്കിൽ പുറത്തുകൊണ്ടുവരണം. തെളിവുണ്ടെങ്കിൽ ഞാൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. ശശി അതിന് തയ്യാറാകുമോ എന്നും സുരേഷ് ബാബു വെല്ലുവിളിച്ചു.
ശശി രാഷ്ട്രീയ ജീവിതം ആരംഭിച്ചത് മുതലുള്ള സാമ്പത്തിക സ്ഥിതി പരിശോധിക്കണം. ശശി ഒന്നിനും പറ്റാത്ത ഒരുത്തനാണ്. ആദ്യം വന്നപ്പോൾ ഒരു സൈക്കിൾ പോലും കൈവശമില്ലാത്ത ആളായിരുന്നു ശശി. എന്നാൽ പൊതുപ്രവർത്തനം ആരംഭിച്ചത് മുതൽ ഇന്ന് വരെയുള്ള ശശിയുടെ സമ്പത്ത് പരിശോധിക്കണമെന്നും സുരേഷ് ബാബു ആവശ്യപ്പെട്ടു.
ഞാൻ രാഷ്ട്രീയത്തിൽ വന്ന കാലം മുതലുള്ള എൻ്റെ സമ്പത്തും ഒന്ന് അന്വേഷിക്കണം. വരുമാനത്തിൽ നിന്ന് അധികമായി എന്തെങ്കിലും സമ്പത്ത് എൻ്റെ കുടുംബത്തിലോ വ്യക്തിജീവിതത്തിലെ ഉണ്ട് എന്ന് തെളിയിക്കപ്പെട്ടാൽ ഞാൻ പൊതുപ്രവർത്തനം അവസാനിപ്പിക്കും. എന്നാൽ പി കെ ശശി അതിനു തയ്യാറാകുമോ എന്നും സുരേഷ് ബാബു ചോദിച്ചു.
ഒറ്റപ്പാലത്ത് സിപിഐഎമ്മിനും ഇടതുപക്ഷത്തിനും സ്ഥാനാർഥി ഉണ്ട്. ഞങ്ങളെ പാർട്ടിയുടെ അടുക്കളയിൽ പണിയെടുത്തവന് സ്ഥാനാർഥിത്വം നൽകുന്നത് യുഡിഎഫിൻ്റെ ഗതികേട് അല്ലേ എന്നും സുരേഷ് ബാബു പറഞ്ഞു. പി.കെ. ശശി സിപിഐഎമ്മിന് ഒപ്പം നിൽക്കുമ്പോൾ മോശപ്പെട്ടവൻ. യുഡിഎഫിനൊപ്പം നിൽക്കുമ്പോൾ നല്ലവൻ. ഇതാണ് മാധ്യമങ്ങളുടെ രീതിയെന്നും സുരേഷ് ബാബു വിമർശിച്ചു.
പാർട്ടി പല ഘട്ടങ്ങളിലായി ശശിക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. അഴിമതിയും സ്ത്രീ വിഷയങ്ങളിലും നടപടി എടുത്തതാണ്. തെറ്റ് തിരുത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് പി.കെ. ശശിയെയും കണ്ടത്. പക്ഷേ ഒരാൾ സ്വയം നശിക്കാൻ തീരുമാനിച്ചാൽ പിന്നെ ഒന്നും ചെയ്യാൻ സാധിക്കില്ല. പി.കെ. ശശിക്ക് ഇപ്പോൾ ഒരുതരം വിഭ്രാന്തിയാണ്. ആ വിഭ്രാന്തിക്ക് ഞാൻ മറുപടി പറയേണ്ട കാര്യമില്ലെന്നും സുരേഷ് ബാബു പറഞ്ഞു.
നല്ല ഒരു വിഭാഗം ലീഗിൻ്റെയും കോൺഗ്രസിൻ്റെയും ആൾക്കാരാണ് പാലക്കാട്ടെ വിമത കൂട്ടായ്മയിൽ പങ്കെടുത്തത്. അവരാണ് വണ്ടി അറേഞ്ച് ചെയ്തത്. വിമത കൺവെൻഷനിൽ പങ്കെടുത്തത് സിപിഎമ്മുകാരല്ല എന്നും സുരേഷ് ബാബു അവകാശപ്പെട്ടു.
ഇ.എൻ. സുരേഷ് ബാബുവിനെതിരെ രൂക്ഷ വിമർശനമാണ് പി.കെ. ശശി പരിപാടിയിൽ വച്ച് ഉന്നയിച്ചത്. ഇമ്പിച്ചിബാവും ശിവദാസമേനോനും എംപി കുഞ്ഞിരാമനും ഇരുന്ന കസേരയിലാണ് ഇന്ന് ഒരു സ്പിരിറ്റ് കച്ചവടക്കാരൻ ഇരിക്കുന്നത് എന്നും ശശി വിമർശിച്ചിരുന്നു.
രണ്ടാൾ ഒരുമിച്ച് സംസാരിക്കുന്നത് കണ്ടാൽ അവരെ മൂന്നാം ദിവസം ശത്രുക്കളാക്കി തമ്മിൽ തല്ലിക്കാൻ സെക്രട്ടറിയെ കൊണ്ട് സാധിക്കും. ജില്ലാ സെക്രട്ടറിയോടുള്ള വിരോധം കാരണം പലരും പാർട്ടി വിരോധികളായി മാറി. സുരേഷ് ബാബു നേതൃത്വം കൊടുക്കുന്ന കാലത്തോളം പാർട്ടിക്ക് രക്ഷയില്ലെന്നും പി.കെ. ശശി പറഞ്ഞിരുന്നു.