KERALA

അന്വേഷണം വ്യാപിപ്പിച്ച് ഇഡി, ആടിയ നെയ്യ് ക്രമക്കേടിന്റെ വിവരങ്ങള്‍ തേടി; നീക്കം വിജിലന്‍സ് നടപടികള്‍ക്ക് പിന്നാലെ

മുൻ കീഴ്ശാന്തി സുനിൽ കുമാർ പോറ്റിയെ വിജിലൻസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇഡി നടപടി

Author : ലിൻ്റു ഗീത

കൊച്ചി: സ്വർണക്കൊള്ള കേസിന് പിന്നാലെ ശബരിമലയിലെ മറ്റ് ക്രമക്കേടുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് ഇഡി. ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിലെ ക്രമക്കേട് വിവരങ്ങൾ ശേഖരിച്ചു. മുൻ കീഴ്ശാന്തി സുനിൽ കുമാർ പോറ്റിയെ വിജിലൻസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇഡി നടപടി. ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിൽ 36 ലക്ഷത്തിലധികത്തിൻ്റെ ക്രമക്കേട് നടന്നുവെന്നാണ് വിജിലൻസ് കണ്ടെത്തൽ. നിലയ്ക്കൽ അന്നദാനത്തിലെ ക്രമക്കേടിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കൾ കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു.

അതേസമയം, കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി യാതൊരു ബന്ധവുമില്ലെന്ന് മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാർ ഇഡിക്ക് മൊഴി നൽകി. മേലുദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ചതാണ് മഹസറിൽ ഒപ്പിടാൻ കാരണമെന്നും ദ്യാരപാലക പാളി കൊടുത്ത് വിടാനുള്ള തീരുമാനമെടുത്തതിൽ താൻ പങ്കാളിയല്ലെന്നും ശ്രീകുമാർ മൊഴി നൽകി. പോറ്റിയെ ഒരു തവണ പോലും നേരിൽ കണ്ടിട്ടില്ലെന്നും കൊള്ളയിൽ പങ്കില്ലെന്നും ശ്രീകുമാർ ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞു.

കേസിൽ ജാമ്യത്തിലിറങ്ങിയ ഉണ്ണികൃഷ്‌ണൻ പോറ്റി കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നു. വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന ജാമ്യവ്യവസ്ഥ പ്രകാരമാണ് ഉണ്ണികൃഷ്‌ണൻ പോറ്റി ഹാജരായത്. 110 ദിവസത്തിന് ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റി ഇന്നലെ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. 90 ദിവസമായിട്ടും കുറ്റപത്രം നൽകാത്തതിനാൽ ദ്വാരപാലക പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ് ജയിൽ മോചനം.

SCROLL FOR NEXT