കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയെ ഇഡി വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ചോദ്യം ചെയ്തെങ്കിലും ജയശ്രീയുടെ മൊഴി ഇഡി വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് സൂചന. സ്വന്തം നിലയിൽ തീരുമാനമെടുത്തിട്ടില്ലെന്നും ബോർഡ് തീരുമാനപ്രകാരം ഉത്തരവിറക്കുക മാത്രമാണ് താൻ ചെയ്തതെന്നായിരുന്നു ജയശ്രീയുടെ മൊഴി. സ്വർണക്കൊള്ളയിൽ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടായിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഇടപാടുകൾ ഇല്ലെന്നും ജയശ്രീ മൊഴി നൽകിയിട്ടുണ്ട്. ജയശ്രീയുടെ സ്വത്തുക്കളിലും ഇഡി കൂടുതൽ പരിശോധന നടത്തും.
കേസിൽ നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും. ഇഡിയുടെ കൊച്ചി ഓഫീസിലായിരിക്കും ഹാജരാവുക. ദ്വാരപാലക പാളികൾ ജയറാമിന്‍റെ ചെന്നൈയിലെ വീട്ടിൽ എത്തിച്ച് പൂജ നടത്തിയതടക്കം പോറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടോ എന്നതിലാണ് ജയറാം മറുപടി നൽകേണ്ടത്. സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ജയറാമിനെയും ചോദ്യം ചെയ്യുന്നത്.
അതേസമയം, ആഗോള അയ്യപ്പസംഗമത്തിന്റെ ചെലവിൽ അവ്യക്തത നീക്കാൻ ഇന്ന് ദേവസ്വം ബോർഡ് നിർണായക യോഗം ചേരും. കണക്കിലെ പൊരുത്തക്കേട് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചർച്ച ചെയ്യും. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അധികൃതരെയും യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.