ഇഡി 
KERALA

പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വ്യക്തത തേടും; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഇഡി

മുന്‍ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ, സ്വര്‍ണക്കൊള്ളയിലെ ഇടനിലക്കാരന്‍ കല്‍പേഷ് എന്നിവര്‍ക്കും ഇഡി നോട്ടീസ് അയച്ചു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. മുന്‍ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ, സ്വര്‍ണക്കൊള്ളയിലെ ഇടനിലക്കാരന്‍ കല്‍പേഷ് എന്നിവര്‍ക്ക് ഇഡി നോട്ടീസ് അയച്ചു. 10 പേർക്ക് ഇഡി നോട്ടീസ് അയച്ചെന്നാണ് വിവരം. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ നടൻ ജയറാമിൽ നിന്നും ഇഡി വ്യക്തത തേടും. പോറ്റിയിൽ നിന്നും പണം വാങ്ങിയിട്ടുണ്ടോ? എന്നടക്കമുള്ള ചോാദ്യങ്ങളാണ് ജയറാമിൽ നിന്നും ചോദിച്ചറിയുക. ബാക്കിയുള്ളവരെ ചോദ്യം ചെയ്തതിന് ശേഷം മാത്രം ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. ജയശ്രീയും കൽപേഷിനും ആ ആഴ്ച തന്നെ ഹാജരാകണമെന്ന് അറിയിച്ചാണ് നോട്ടിസ് നൽകിയിരിക്കുന്നത്. ജയറം അടുത്ത ആഴ്ചയാണ് ഹാജരാകേണ്ടത്.

അതേസമയം, സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡൻ്റ് എൻ. വാസുവിന്റെ ജാമ്യ അപേക്ഷയിൽ കൊല്ലം കോടതി ഇന്ന് വിധി പറയും. സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാണ് ജാമ്യ അപേക്ഷയിലെ ആവശ്യം. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് വാസു ജാമ്യം തേടിയത്. കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് എൻ. വാസു.

എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ നീക്കം. ജാമ്യ ഹര്‍ജിയിൽ ഇന്ന് വിധി പറയുമെന്നുമാണ് ഇന്നലെ ഹര്‍ജി പരിഗണിച്ച കോടതി വ്യക്തമാക്കിയത്. വിവേചനം കാണിക്കാൻ പറ്റില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതുവരെ നാലു പ്രതികളാണ് കേസിൽ ജാമ്യം നേടി പുറത്തിറങ്ങി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ മൂന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. തന്ത്രി കണ്ഠര് രാജീവരുടെ രണ്ട് കേസുകളിലും ഇന്നലെ വാദം പൂർത്തിയായിരുന്നു. കേസിൽ ഈ മാസം 18നാണ് കോടതി വിധി പറയുക.

SCROLL FOR NEXT