തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വസ്തുതാ വിരുദ്ധമായ പരമാര്‍ശം നടത്തിയെന്ന മുന്‍ എംഎല്‍എ അനില്‍ അക്കരയുടെ പരാതിയില്‍ മന്ത്രി എം.ബി. രാജേഷിനെതിരെ അന്വേഷണം. തൃശൂര്‍ അഡിഷണല്‍ എസ്.പിയാണ് അനില്‍ അക്കരയുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധിരിപ്പിച്ചെന്ന് ആരോപിച്ചാണ് അനില്‍ എം.ബി. രാജേഷിനെതിരെ പരാതി നല്‍കിയത്.
ജനുവരി എട്ടിനാണ് തൃശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ, വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി പാതിവഴിയില്‍ മുടങ്ങിയതിന് പിന്നില്‍ അനില്‍ അക്കര ഉണ്ടാക്കിയ നിയമക്കുരുക്കാണെന്ന് എംബി രാജേഷ് പ്രതികരിച്ചിരുന്നു.
സംഭവത്തില്‍ പരസ്യ സംവാദത്തിന് തയ്യാറാണെന്നും താന്‍ എന്ത് നിയമക്കുരുക്ക് ആണ് ഉണ്ടാക്കിയതെന്നും ചോദിച്ച് അനില്‍ അക്കര മാധ്യമങ്ങളിലൂടെ എംബി രാജേഷിനെ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാനനഷ്ടക്കേസ് നല്‍കിയത്. താന്‍ നല്‍കിയ ഏത് കേസിന്റെ അടിസ്ഥാനത്തിലാണ് വടക്കാഞ്ചേരി ലൈഫ് മിഷന്‍ നിയമക്കുരുക്കില്‍ കിടക്കുന്നതെന്ന് എംബി രാജേഷ് വ്യക്തമാക്കിയാല്‍ ഇപ്പോള്‍ ആ കേസ് പിന്‍വലിക്കാന്‍ തയ്യാറാണ് എന്നായിരുന്നു അനില്‍ അക്കര പറഞ്ഞത്.