ഹരിതകർമ്മ സേന സംരംഭകത്വ വികസന പദ്ധതി ഉദ്ഘാടനം Source: News Malayalam 24x7
KERALA

മാലിന്യങ്ങളിൽ നിന്ന് അധിക വരുമാനം; ഹരിതകർമ്മ സേനയ്ക്കായി സംരംഭകത്വ വികസന പദ്ധതി, എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

മാലിന്യത്തിൽ നിന്നും മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതുൾപ്പെടെയുള്ള സംരംഭങ്ങളാണ് നടപ്പിലാക്കുക

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: ഹരിതകർമ്മ സേനയ്ക്കായി നടപ്പാക്കുന്ന സംരംഭകത്വ വികസന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ആന്തൂർ നഗരസഭയിൽ നടന്നു. മന്ത്രി എം.ബി. രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ശേഖരിക്കുന്ന മാലിന്യങ്ങളിൽ നിന്നുൾപ്പെടെ അധിക വരുമാനം കണ്ടെത്താനുള്ള പദ്ധതികളാണ് ഓരോ നഗരസഭയിലും നടപ്പിലാക്കുക.

സംരംഭകത്വ വികസന പദ്ധതി യാഥാർഥ്യമാവുന്നതോടെ നഗരസഭകളിലെ ഹരിതകർമ്മ സേനകൾ വഴി ഏഴായിരത്തോളം പേരാണ് സാമ്പത്തിക ഭദ്രത കൈവരിക്കാനൊരുങ്ങുന്നത്. ലോകബാങ്ക് സഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായാണ് സംരംഭകത്വ വികസന പദ്ധതി. മാലിന്യത്തിൽ നിന്നും മൂല്യ വർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതുൾപ്പെടെയുള്ള സംരംഭങ്ങളാണ് നടപ്പിലാക്കുക.

സംസ്ഥാനത്തെ 93 നഗരസഭകളിലെ ഹരിത കർമ്മസേനാ കൺസോർഷ്യങ്ങൾ തയ്യാറാക്കുന്ന രണ്ടു വീതം സംരംഭങ്ങൾക്ക് സാങ്കേതിക, സാമ്പത്തിക സഹായം നൽകാൻ 24 കോടിയോളം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

കണ്ണൂർ ആന്തൂർ നഗരസഭയിലെ 'ഭൂമിക' ഹരിതകർമ്മസേനാ കൺസോർഷ്യം ജൈവമാലിന്യത്തിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന ജൈവവള നിർമാണ-വിപണന യൂണിറ്റ് ഉൾപ്പെടെ 19 സംരംഭങ്ങളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. ധർമശാലയിലെ ഇന്ത്യൻ കോഫീ ഹൗസ് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ തളിപ്പറമ്പ് എംഎൽഎ എം.വി. ഗോവിന്ദൻ അധ്യക്ഷനായി. 19 സംരംഭങ്ങൾക്കുള്ള ധനാനുമതി പത്രം ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു. കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രൊജക്ട് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ പരിപാടിയില്‍ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

SCROLL FOR NEXT