Source: Social Media
KERALA

വി. കുഞ്ഞികൃഷ്ണൻ നീചനും വർഗ ശത്രുവും; രൂക്ഷവിമർശനവുമായി ഇ.പി. ജയരാജൻ

പാർട്ടി ജനങ്ങൾക്ക് മുന്നിൽ തുറന്നിട്ട പുസ്തകമെന്നും ഇ. പി. ജയരാജൻ പറഞ്ഞു

Author : ശാലിനി രഘുനന്ദനൻ

കണ്ണൂർ: പാർട്ടി നേതാക്കൾക്കെതിരായ ഫണ്ടു തിരിമറി വിവാദത്തിൻ്റെ പേരിൽ നടപടി നേരിട്ട പയ്യന്നൂർ മുൻ ഏരിയാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി ഇ പി ജയരാജൻ. വി കുഞ്ഞികൃഷ്ണൻ നീചനും വർഗശത്രുവെന്നും പരാമർശം. കുഞ്ഞികൃഷ്ണൻ സിപിഐഎമ്മിന് ഒരു പ്രശ്നമേ അല്ലെന്നും പാർട്ടി ജനങ്ങൾക്ക് മുന്നിൽ തുറന്നിട്ട പുസ്തകമെന്നും ഇ പി ജയരാജൻ പറഞ്ഞു.

പാർട്ടിയെ വെട്ടിലാക്കും വിധത്തിൽ ഫണ്ട് തട്ടിപ്പ് ആരോപണങ്ങളുമായി വന്നതിന് പിന്നാലെ കുഞ്ഞികൃഷ്ണനെ സിപിഐഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു. ഇതേത്തുടർന്ന് പാർട്ടി പ്രവർത്തകർ വീട്ടിൽ പ്രകടനങ്ങൾ നടത്തിയുരുന്നു. രാഷ്‌ട്രീയ കേരളത്തിൽ ഏറെ ചർച്ചാ വിഷയമായ ഒന്നാണ് കുഞ്ഞികൃഷ്ണൻ്റെ ആരോപണം. ധനരാജ് രക്തസാക്ഷി ഫണ്ടിൽ പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ കയ്യിട്ടുവാരിയെന്നായിരുന്നു ജില്ലാ കമ്മിറ്റിയംഗംമായിരുന്ന വി. കുഞ്ഞികൃഷ്ണൻ്റെ ആരോപണം.

കെട്ടിട നിർമാണത്തിനായി സഹകരണ ജീവനക്കാരിൽ നിന്ന് പിരിച്ച 70 ലക്ഷം രൂപ ആവിയായി. കുറ്റക്കാരെ പാർട്ടി അന്വേഷണ കമ്മീഷൻ വെള്ളപൂശിയെന്നും വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു. ടി.ഐ. മധുസൂദനൻ എംഎൽഎ അടക്കമുള്ളവർ പാർട്ടി ഫണ്ടിൽ വൻ തിരിമറി നടത്തിയെന്നും വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു. ഫണ്ടിലെ വരവിലും ചെലവിലും ക്രമക്കേട് നടത്തി. പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടും ഒരു കാര്യവും ഉണ്ടായില്ല. അന്വേഷണ കമ്മീഷൻ പരാതിക്കാരനെ ക്രൂശിക്കുകയും ആരോപണ വിധേയരെ സംരക്ഷിക്കുകയും ചെയ്തുവെന്നും കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു.

SCROLL FOR NEXT