ഇരവികുളം ദേശീയോദ്യാനം Source: Kerala Tourism
KERALA

ഇരവികുളം രാജ്യത്തെ ഏറ്റവും മികച്ച ദേശീയോദ്യാനം; 50ാം വാര്‍ഷിക വേളയിൽ ഇരട്ടി മധുരമായി അംഗീകാരം

എല്ലാ കാലത്തും ഇരവികുളം ദേശീയോദ്യാനത്തിന് തനത് ഭംഗിയാണ്. പച്ച പുതച്ച കുന്നുകളും, കുന്നിൻചെരിവിന് പുതപ്പായി കോടമഞ്ഞും ഇരവികുളത്തിൻ്റെ പ്രത്യേകതയാണ്.

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയിലെ ഏറ്റവും മികച്ച ദേശീയോദ്യാനമായി ഇരവികുളത്തെ തെരഞ്ഞെടുത്തു. കഴിഞ്ഞ അഞ്ച് വർഷം ദേശീയോദ്യാനങ്ങളുടെ ഭരണപ്രവർത്തനങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് വനം- പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പുരസ്കാരം. ഇരവികുളത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചതിന്റെ 50-ാം വാര്‍ഷിക ആഘോഷങ്ങള്‍ നടക്കുന്നതിനിടയിൽ ലഭിച്ച നേട്ടത്തിന്റെ അഭിമാനത്തിലാണ് സംസ്ഥാന വനംവകുപ്പ്.

എല്ലാ കാലത്തും ഇരവികുളം ദേശീയോദ്യാനത്തിന് തനത് ഭംഗിയാണ്. പച്ച പുതച്ച കുന്നുകളും, കുന്നിൻചെരിവിന് പുതപ്പായി കോടമഞ്ഞും ഇരവികുളത്തിൻ്റെ പ്രത്യേകതയാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ വരയാടുകളുള്ളതും ഇരവികുളത്താണ്. 12 വർഷത്തിൽ ഒരിക്കൽ പൂവിടുന്ന നീലക്കുറിഞ്ഞി ചെടികളും ദേശീയ ഉദ്യാനത്തിന്റെ മാറ്റു കൂട്ടുന്നു. അതീവ പരിസ്ഥിതി പ്രാധാന്യത്തോടെയാണ് വനം വകുപ്പ് ഉദ്യാനം സംരക്ഷിച്ച് വരുന്നത്.

രാജ്യത്ത് തന്നെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്ന് കൂടിയാണ് ഇരവികുളം. ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചതിന്റെ 50-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ആരംഭിച്ചതിന് പിന്നാലെയാണ് രാജ്യത്തെ ഏറ്റവും മികച്ച ദേശീയോദ്യാനമെന്ന നേട്ടവും ഇരവികുളത്തെ തേടിയെത്തിയത്.

ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ( ഐയുസിഎന്‍) വേള്‍ഡ് കമ്മീഷന്‍ ഓഫ് പ്രൊട്ടക്ട് ഏരിയ (ഡബ്ലൂ സിപിഎ ) എന്നിവയുടെ മൂല്യ നിര്‍ണയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇരവികുളം നേട്ടം കൊയ്തത്. 32 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നടത്തിയ മൂല്യ നിര്‍ണയത്തില്‍ 92.97 ശതമാനം പോയിന്റ് നേടിയാണ് ഇരവികുളം ഇന്ത്യയിലെ ഏറ്റവും മികച്ച ദേശീയ ഉദ്യാനമായി തെരഞ്ഞെടുക്കപ്പെട്ടത്. 50-ാം വാര്‍ഷിക വേളയിൽ ഇരട്ടി മധുരമായി എത്തിയ അംഗീകാരത്തിന്റെ സന്തോഷത്തിലാണ് ഇരവികുളത്തെ കാത്തുപരിപാലിക്കുന്ന ജീവനക്കാരും.

പശ്ചിമഘട്ട മലനിരകളില്‍ തെക്കുഭാഗത്ത് 97 ചതുരശ്ര കിലോമീറ്ററിലാണ് ഇരവികുളം ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. പുല്‍മേടുകളും ഷോലവനങ്ങളും നിറഞ്ഞ ജൈവ വൈവിധ്യത്തിന്‍റെ കലവറകൂടിയാണ് ഇരവികുളം. ചിന്നാർ വന്യജീവി സങ്കേതമാണ് രണ്ടാം സ്ഥാനത്ത്.

SCROLL FOR NEXT