ഫയൽ ചിത്രം
KERALA

പുതുജീവനേകാൻ ഷിബുവിന്റെ ഹൃദയം എത്തും; സർക്കാർ ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ രാജ്യത്ത് ആദ്യം

രാജ്യത്ത് ആദ്യമായാണ് സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയം മറ്റൊരാൾക്ക് പുതുജീവനേകും. ഹൃദയവുമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് എയർ ആംബുലൻസ് പുറപ്പെടും. വൃക്കകൾ, കരൾ, ഹൃദയം, നേത്ര പടലങ്ങൾ, സ്കിൻ എന്നിവയും ദാനം ചെയ്യും.

കൊല്ലം ഇടവട്ടം ചിറക്കര സ്വദേശി 47 വയസ്സുള്ള ഷിബുവിന്റെ ഹൃദയമാണ് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുക. രാജ്യത്ത് ആദ്യമായാണ് സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നത്. അതുപോലെ തന്നെ കേരളത്തിൽ ആദ്യമായാണ് സ്കിൻ ദാനം ചെയ്യുന്നത്. നിലവിൽ സ്കിൻ, സ്കിൻ ബാങ്കിൽ സൂക്ഷിക്കും. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള 22 വയസുള്ള പെൺകുട്ടിക്കാണ് ഹൃദയം നൽകുന്നത്.

ഡോക്ടർ ജോർജ് വാളൂരാന്റെ നേതൃത്വത്തിൽ എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നുള്ള സംഘം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയാണ് ശസ്ത്രക്രിയകൾ ആരംഭിച്ചത്.ഹൃദയം തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് കൊണ്ടുപോകുക എയർ ആംബുലൻസ് വഴിയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് ആണ് എയർ ആംബുലൻസ് പുറപ്പെടുക നേപ്പാൾ സ്വദേശിനി ദുർഗ കാമിക്കാണ് ഹൃദയം മാറ്റിവയക്കുന്നത്.

ദുർഗയ്ക്ക് ഹൃദയഭിത്തികൾക്ക്‌ കനം കൂടുന്ന ഹൈപ്പർ ഹെർഡിക്‌ടറി കാർഡിയോ മയോപ്പതി എന്ന രോഗമാണ്. ഇതേ അസുഖം ബാധിച്ചാണ് ദുർഗയുടെ അമ്മയും സഹോദരിയും മരിച്ചത്. ഒരു വർഷം മുമ്പ് തന്നെ എറണാകുളം ജനറൽ ആശുപത്രി ഹൃദയ ശസ്ത്രക്രിയയ്ക്ക് സജ്ജമായിരുന്നു. എന്നാൽ പൗരത്വ മുൻഗണന അനുസരിച്ച് മാത്രമേ അവയവദാന ശസ്ത്രക്രിയ നടത്താവൂ എന്നായിരുന്നു നിയമം. ഇതോടെ ദുർഗ ഹൈക്കോടതിയെ സമീപിച്ചു.

പെൺകുട്ടിയുടെ ആരോഗ്യാവസ്ഥ പരിഗണിച്ച് അടിയന്തര നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി സംസ്ഥാനസർക്കാരിന് നിർദ്ദേശം നൽകുകയായിരുന്നു. ഇതോടെയാണ് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വഴിയൊരുങ്ങിയത്. രാജ്യത്ത് ആദ്യമായി ഒരു സർക്കാർ ജനറൽ ആശുപത്രിയിൽ ഓപ്പൺ ഹാർട്ട് സർജറി നടന്നത് എറണാകുളം ജനറൽ ആശുപത്രിയിലാണ്. ഇപ്പോൾ രാജ്യത്ത് ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ഒരു ജനറൽ ആശുപത്രി ഒരുങ്ങുന്നതും എറണാകുളം ജനറൽ ആശുപത്രിയാണ്.

SCROLL FOR NEXT