എസ്ഐആർ പ്രകാരം പുറത്താകുന്ന വോട്ടർമാരിൽ അധികവും കഴിഞ്ഞ ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നിലെത്തിയ നിയമസഭാ മണ്ഡലങ്ങളില്‍ ഉള്ളവർ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ മണ്ഡലങ്ങളില്ലാണ് പുറത്താകുന്നവരിൽ 22 ശതമാനവും ഉളളത്. സുരേഷ് ഗോപി ജയിച്ച തൃശൂരിലെ മണ്ഡലങ്ങളില്‍ നിന്ന് 25 ലക്ഷത്തോളം വോട്ടർമാരാണ് പുറത്താവുക.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തു വിട്ട രേഖകൾ പ്രകാരം 58,828 വോട്ടർമാരാണ് തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ നിന്ന് പുറത്താകുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം പേർ പുറത്താകുന്നതും തിരുവനന്തപുരത്താണ്, ഏകദേശം 28 ശതമാനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാമത് എത്തിയ മണ്ഡലമാണിത്.
പുറത്താകുന്നവരുടെ എണ്ണം കൂടുതലുള്ള മറ്റ്മണ്ഡലങ്ങള്‍ വട്ടിയൂർക്കാവും നേമവും കഴക്കൂട്ടവുമാണ്.മൂന്നും, കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പില്‍ ബി ജെ പി ഒന്നാം സ്ഥാനത്തെത്തിയ മണ്ഡലങ്ങള്‍. വ്യാജ വോട്ടർമാരിലൂടെയാണ് ബിജെപി മുന്നേറ്റമെന്ന ആക്ഷേപങ്ങൾക്ക് ശക്തി പകരുന്നതാണ് പുറത്ത് വരുന്ന കണക്കുകൾ.
സുരേഷ് ഗോപി തൃശൂരില്‍ നിന്ന് വിജയിച്ചപ്പോള്‍ ലീഡ് നേടിയ ആറ് മണ്ഡലങ്ങളിൽ നിന്നായി ഏകദേശം 25 ലക്ഷം പേരാണ് പുറത്താകുന്നത്. സുരേഷ് ഗോപിക്ക് 559 വോട്ട് ഭൂരിപക്ഷം ലഭിച്ച തൃശൂർ മണ്ഡലത്തിലെ 29 ആം ബൂത്തില്‍ പുറത്താകുന്ന വോട്ടർമാരുടെ എണ്ണം 337 ആണ്. ഇതില്‍ 334 പേരെയും കണ്ടെത്താനായിട്ടില്ല. നഗര മണ്ഡലങ്ങളില്‍ മാറിപോകുന്ന വോട്ടർമാരുടെ എണ്ണം വർധിക്കാറുണ്ട്.
എന്നാല്‍ ആറ്റിങ്ങലും മഞ്ചേശ്വരവും ഉള്‍പ്പെടെ ബി ജെ പി ലീഡ് ചെയ്യുന്ന മണ്ഡലങ്ങളില്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ അജ്ഞാത വോട്ടർമാരുണ്ടെന്നാണ് പുറത്തു വരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. കണക്കുകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകാനൊരുങ്ങുകയാണ് സിപിഐഎമ്മും കോൺഗ്രസും ഉൾപ്പെടെയുള്ള പാർട്ടികൾ.