KERALA

"പത്തര വർഷം കേന്ദ്രം ഭരിച്ചിട്ടും ശബരിമലയ്ക്കായി ഒന്നും ചെയ്തിട്ടില്ല"; ബിജെപി സർക്കാരിനെതിരെ എൻഎസ്എസ്

കോട്ടയത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് എൻഎസ്എസ് അധ്യക്ഷൻ്റെ ഈ പരാമർശം.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

കോട്ടയം: ശബരിമലയിൽ വിമാനം കൊണ്ടുവരും, ട്രെയിൻ കൊണ്ടുവരും എന്നാണ് ബിജെപി പറഞ്ഞതെന്നും എന്നാൽ പത്തര വർഷം കേന്ദ്രം ഭരിച്ചിട്ടും ശബരിമലയ്ക്കായി ബിജെപി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. കോട്ടയത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് എൻഎസ്എസ് അധ്യക്ഷൻ്റെ ഈ പരാമർശം.

"ശബരിമലയിൽ വിമാനം കൊണ്ടുവരും, ട്രെയിൻ കൊണ്ടുവരും എന്നാണ് ബിജെപി പറഞ്ഞത്. കേന്ദ്ര സർക്കാർ ശബരിമലയ്ക്കായി ഒന്നും ചെയ്തിട്ടില്ല. പത്തര വർഷമായി കേന്ദ്രം ഭരിക്കുന്നില്ലേ? എന്ത് കൊണ്ടുവന്നു?" ജി. സുകുമാരൻ നായർ ചോദിച്ചു.

"ശബരി റെയിൽവേ ലൈൻ പാതകൾ ഇടുന്നത് അവരവരുടെ വീട്ടിലേക്ക് ആയിരിക്കും. ഒന്നും പ്രാവർത്തികമാകുന്നില്ലല്ലോ? ഹിന്ദുക്കൾ ഞങ്ങളുടെയാണെന്ന് പറയുന്ന ബിജെപി ശബരിമലയ്ക്ക് വേണ്ടി എന്ത് ചെയ്തു? ഹിന്ദുക്കളുടെ അവകാശം രാഷ്ട്രീയക്കാർക്കല്ല. ഹിന്ദുക്കൾ ഞങ്ങളുടെയും കൂടെയാണ്," ജി. സുകുമാരൻ നായർ പറഞ്ഞു.

"കോൺഗ്രസ് അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. വി.ഡി. സതീശനെ മാറ്റിയാൽ രക്ഷപ്പെടുമോയെന്ന് നോക്കേണ്ടവർ കോൺഗ്രസാണ്. എൻഎസ്എസ് ആസ്ഥാനത്തേക്ക് ആരോടും വരണമെന്നോ വരേണ്ടെന്നോ പറയില്ല. എൻഎസ്എസിന് സമദൂര നിലപാടാണുള്ളത്," എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനേയും ഇടതു സർക്കാരിനേയും കുറിച്ചുള്ള ചോദ്യങ്ങൾ ആദരവോടെയാണ് ജി. സുകുമാരൻ നായർ മറുപടി നൽകിയത്. ഒന്നാഞ്ഞു പരിശ്രമിച്ചാൽ ഇടതു സർക്കാരിന് ഇനിയും ഭരണത്തിൽ തുടരാമെന്നും 24 മണിക്കൂർ കൊണ്ട് ട്രെൻഡ് മാറുമെന്ന് സതീശനെ പിന്തുണയ്ക്കുന്ന യുഡിഎഫുകാർ ഓർക്കണമെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.

SCROLL FOR NEXT