KERALA

"ഓരോരുത്തരും എന്തെല്ലാം ചെയ്തെന്ന് അവരവരുടെ മനസാക്ഷിക്ക് അറിയാം"; ഷാഫിക്കെതിരെ ഒളിയമ്പുമായി ചാണ്ടി ഉമ്മൻ

ഞങ്ങൾ ആക്രമിച്ചവരോട് പോലും ക്ഷമിച്ചുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ഷാഫി പറമ്പിലിനെതിരായ രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശത്തിന് പിന്നാലെ രാജ്മോഹൻ ഉണ്ണിത്താന് പിന്തുണയുമായി ചാണ്ടി ഉമ്മൻ. ഉമ്മൻചാണ്ടി വിഷയത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ ജീവിക്കുന്ന രക്തസാക്ഷിയാണെന്നും രാജ് മോഹൻ ഉണ്ണിത്താൻ പരസ്യമായി തങ്ങളുടെ കുടുംബത്തെ പ്രതിരോധിച്ചുവെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

പലതവണ സിപിഐ എം അദ്ദേഹത്തെ ആക്രമിച്ചു. മറ്റുള്ളവരും ഉണ്ടായിരിക്കാം. ഓരോരുത്തരും എന്തെല്ലാം ചെയ്തെന്ന് അവരവരുടെ മനസാക്ഷിക്ക് അറിയാം. ഞങ്ങൾ ആക്രമിച്ചവരോട് പോലും ക്ഷമിച്ചുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ അവസാന സമയത്ത് ചിലർ തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾ നേടാൻ ശ്രമിച്ചു.അത് ഷാഫി ആണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ആരൊക്കെയാണ് അന്ന് അത്തരത്തിൽ പെരുമാറിയതെന്ന് വരുംകാലങ്ങളിൽ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പിലിനെ പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സോളാർ വിവാദത്തിന്റെ സമയത്ത് നേതാക്കൾ ഉമ്മൻചാണ്ടിയെ ഉപേക്ഷിച്ച് പോയിട്ടില്ലെന്നും അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടായപ്പോഴാണ് ചിലർ വിട്ടുപോയതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ അസുഖാവസ്ഥയും മരണവും തനിക്കെതിരെ തിരിച്ചുവിടാൻ ശ്രമിച്ചുവെന്നത് യാഥാർഥ്യമാണെന്നും അദ്ദേഹം ആരോപിച്ചു.

SCROLL FOR NEXT