കാരുകുളങ്ങര നരസിംഹ ക്ഷേത്രം, ന്യൂസ് മലയാളത്തിന് ലഭിച്ച രേഖകൾ Source: News Malayalam 24x7
KERALA

EXCLUSIVE | ഇരിങ്ങാലക്കുട ക്ഷേത്രത്തിലെ ജാതിവിവേചന വിവാദം: കാരുകുളങ്ങര ക്ഷേത്രവും ദേവസ്വം സ്വത്തും എൻഎസ്എസ് കയ്യേറാൻ ശ്രമിച്ചതിൻ്റെ രേഖകൾ പുറത്ത്

കോവിലകത്തിന്റെ പേരിൽ അടച്ച് വന്നിരുന്ന നികുതികളും ബില്ലുകളും സംഘടനയുടെ പേരിലേക്ക് മാറ്റാൻ കരയോഗം സെക്രട്ടറി റവന്യൂ വകുപ്പിന് നൽകിയ അപേക്ഷയുടെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു

Author : ന്യൂസ് ഡെസ്ക്

ഇരിങ്ങാലക്കുട: കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രവും ദേവസ്വം സ്വത്തുക്കളും എൻഎസ്എസ് കയ്യേറാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തെ ശരിവെയ്ക്കുന്ന തെളിവുകൾ പുറത്ത്. ഉടമസ്ഥരായ ചാഴൂർ കോവിലകവുമായി ഉണ്ടാക്കിയ കരാറിനെ മറികടന്ന് എൻഎസ്എസിന്റെ പേരിലേക്ക് ക്ഷേത്രം കൈമാറ്റം ചെയ്യാനുള്ള നീക്കങ്ങളാണ് നടന്നത്. കോവിലകത്തിന്റെ പേരിൽ അടച്ച് വന്നിരുന്ന നികുതികളും ബില്ലുകളും സംഘടനയുടെ പേരിലേക്ക് മാറ്റാൻ കരയോഗം സെക്രട്ടറി റവന്യൂ വകുപ്പിന് നൽകിയ അപേക്ഷയുടെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു. ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി എൻഎസ്എസ് അംഗങ്ങൾ തന്നെ കോവിലകത്തിന് നൽകിയ പരാതിയും ന്യൂസ് മലയാളം പുറത്തുവിട്ടു.

കാരുകുളങ്ങര നരസിംഹ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ജാതി വിവേചന വാർത്ത ന്യൂസ് മലയാളം പുറത്ത് കൊണ്ടു വന്നതിന് പിന്നാലെയാണ് എൻഎസ്എസ് നേതൃത്വത്തിലുള്ള ഭരണ സമിതിയും കരയോഗവും ക്ഷേത്രം കയ്യേറാൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾ ഉയർന്നത്. മുൻ മേൽശാന്തി വി.വി. സത്യനാരായണനും സെക്രട്ടറി ജലജ എസ്. മേനോനും മുൻ ഭരണസമിതി അംഗങ്ങളുമാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് ന്യൂസ് മലയാളം നടത്തിയ അന്വേഷണത്തിൽ ആരോപണങ്ങൾ സത്യമാണെന്ന് തെളിയിക്കുന്ന തെളിവുകൾ ലഭിച്ചു.

ക്ഷേത്ര ഉടമകളായ ചാഴൂർ കോവിലകത്തിന്റെ പേരിലാണ് 1972 മുതൽ 2018 വരെ സർക്കാരിലേക്ക് നികുതികളും ഇലട്രിസിറ്റി , ടെലഫോൺ ബില്ലുകളും അടച്ചിരുന്നത്. ചാഴൂർ കോവിലകത്തിന് പേരിൽ അടച്ചിരുന്ന നികുതികളും ബില്ലുകളും ഇനിയുള്ള വർഷങ്ങളിൽ എൻഎസ്എസിന്റെ പേരിലേക്ക് മാറ്റി നൽകണമെന്ന് കാണിച്ച് കരയോഗം സെക്രട്ടറി സുധീർ .സി മുകുന്ദപുരം താലൂക്ക് ഓഫീസർക്ക് നൽകിയ അപേക്ഷയടക്കം ന്യൂസ് മലയാളത്തിന് ലഭിച്ചിട്ടുണ്ട്. കോവിലകത്തെ അറിയിക്കാതെ ക്ഷേത്രം കയ്യേറാനുള്ള നീക്കം നടന്നുവെന്ന് വ്യക്തമാക്കുന്നതാണ് എൻഎസ്എസ് നൽകിയ ഈ അപേക്ഷയും അതിനെ തുടർന്നുണ്ടായ നടപടികളും.

ക്ഷേത്രത്തിന്റെ പേരിലെ നികുതികളും ബില്ലുകളും അടയ്ക്കുന്നത് എൻഎസ്എസിന്റെ അനുമതിയോടെ കൂടി മാത്രമെ ആകാവു എന്ന് കാണിച്ചാണ് കരയോഗം സെക്രട്ടറി റവന്യൂ വകുപ്പിന് അപേക്ഷ നൽകിയത്. ഇതേതുടർന്ന് മുകുന്ദപുരം താലൂക്ക് ഓഫീസർ ഇരിങ്ങാലക്കുട വില്ലേജ് ഓഫീസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ടിൽ ചാഴൂർ കോവിലകത്തിന്റെ പേരിലാണ് അൻപത് വർഷത്തിലേറെക്കാലം നികുതികളും ബില്ലുകളും അടച്ച് വന്നിരുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്.

ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട 1975ലെ കരാറും വില്ലേജ് ഓഫീസറുടെ റിപ്പോർട്ടും മറച്ചുപിടിച്ച് ക്ഷേത്ര ഉടമകൾ എൻഎസ്എസ് ആണ് എന്ന് രേഖപ്പെടുത്തിയ ഫ്ലക്സും ഇതിനിടയിൽ ഭരണ സമിതി അംഗങ്ങൾ സ്ഥാപിച്ചു. 2956-ആം നമ്പർ കരയോഗത്തിന്റെയും നിലവിലെ ക്ഷേത്ര ഭരണസമതിയുടെയും അറിവോടെയാണ് ഇക്കാര്യങ്ങളെല്ലാം നടന്നതെന്നും ചാഴൂർ കോവിലകം അംഗങ്ങൾ പറയുന്നു.

മുൻ ഭരണ സമിതി അംഗങ്ങളെ പിരിച്ച് വിട്ട് ഇക്കഴിഞ്ഞ ജൂൺ ഒന്നിനാണ് എൻഎസ്എസ് നേതൃത്വത്തിലുള്ള നിലവിലെ ഭരണ സമിതി ക്ഷേത്രം പിടിച്ചെടുക്കുന്നത്. എന്നാൽ കയ്യേറ്റം നടത്തിയ സംഘത്തിൽപ്പെട്ട ആളുകൾ തന്നെ ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട് ചാഴൂർ കോവിലകത്തിന് മുൻപ് പരാതികൾ നൽകിയിരുന്നു. പിന്നീട് അവരിൽ പലരും നിലപാട് മാറ്റി എൻഎസ്എസിനൊപ്പം വീണ്ടും ചേരുകയായിരുന്നു.

ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന വിവാദങ്ങളുടെയും പരാതികളുടെയും പശ്ചാത്തലത്തിൽ എൻഎസ്എസിൽ നിന്നും ക്ഷേത്രം ഏറ്റെടുക്കാനും പൊതുജന പങ്കാളിത്തത്തോടെ പുതിയ ഭരണ സമിതിയെ ചുമതലപ്പെടുത്താനുമാണ് ചാഴൂർ കോവിലകം തീരുമാനിച്ചിരിക്കുന്നത്. ഇതിനാവശ്യമായ നിയമ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും കോവിലകം കുടുംബാംഗങ്ങൾ പറയുന്നു.

SCROLL FOR NEXT