
തൃശൂര്‍: ഇരിങ്ങാലക്കുട കാരുകുളങ്ങര നരസിംഹ സ്വാമി ക്ഷേത്രത്തിലെ ജാതി വിവേചന വിവാദത്തില്‍ നിന്ന് തലയൂരാന്‍ എന്‍എസ്എസും ക്ഷേത്രഭരണ സമിതി അംഗങ്ങളും. വിവാദങ്ങള്‍ക്ക് പിന്നാലെ ക്ഷേത്ര ഉടമകളായ ചാഴൂര്‍ കോവിലകത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി കുടുംബാംഗം ഉണ്ണികൃഷ്ണന്‍ തമ്പാന്‍ പറഞ്ഞു.
ബ്ലാങ്ക് ചെക്കും കാഴ്ച വസ്തുക്കളുമായി കോവിലകത്ത് മുതിര്‍ന്ന അംഗത്തെ കാണാനെത്തി. ന്യൂസ് മലയാളം വാര്‍ത്തകള്‍ക്ക് പിന്നാലെ ഇവര്‍ കാണാനെത്തിയത് കോവിലകത്തെ സ്വാധീനിക്കാന്‍ തന്നെയെന്ന് സംശയിക്കുന്നുതായും ഉണ്ണികൃഷ്ണന്‍ തമ്പാന്‍ പറഞ്ഞു.
ക്ഷേത്രവുമായി ബന്ധപ്പെട്ടുയര്‍ന്ന ജാതി വിവേചനത്തില്‍ എന്‍എസ്എസ് ഭരണ സമിതിയെയും കരയോഗത്തെയും തള്ളി ക്ഷേത്ര ഉടമകളായ ചാഴൂര്‍ കോവിലകം രംഗത്തെത്തിയിരുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായി വ്യക്തമായെന്നും എന്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നുമായിരുന്നു കോവിലകം കുടുംബാംഗം സതീശ് വര്‍മ പറഞ്ഞത്. ക്ഷേത്ര പ്രവേശന വിളംബരം നടത്തിയ കാലം മുതല്‍ കാരുകുളങ്ങരയില്‍ എല്ലാ സമുദായങ്ങള്‍ക്കും പ്രവേശനമുണ്ടെന്നും കോവിലകത്തിന് അതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍എസ്എസും ക്ഷേത്ര ഭരണ സമിതി അംഗങ്ങളും രംഗത്തെത്തിയത്.
1975ലാണ് ചാഴൂര്‍ കോവിലകം എന്‍എസ്എസ് കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പ് കരയോഗത്തിന് കൈമാറിയത്. മൂന്നാം തായ്‍വഴിയിലുള്ള കോവിലകത്തിലെ 10 അംഗങ്ങള്‍ ചേര്‍ന്ന് ഇരിങ്ങാലക്കുട രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തു.
ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട് കൃത്യമായ വ്യവസ്ഥകള്‍ രേഖപ്പെടുത്തിയാണ് ക്ഷേത്രം വിട്ടു നല്‍കിയത്. ഭരണവുമായി ബന്ധപ്പെട്ട് പരാതികളുണ്ടാകരുത്, ഓഡിറ്റിംങ് റിപ്പോര്‍ട്ട് എല്ലാവര്‍ഷവും കൈമാറണം, ക്ഷേത്ര സ്വത്തുക്കള്‍ കൈമാറ്റം ചെയ്യരുത്, പൂജാവിധികളില്‍ മാറ്റം വരുത്തരുത് തുടങ്ങിയവയായിരുന്നു പ്രധാന വ്യവസ്ഥകള്‍.
എന്നാല്‍ 50 വര്‍ഷത്തിനിപ്പുറം എന്‍എസ്എസ് ഭരണ സമിതി ഇവയൊന്നും പാലിച്ചിട്ടില്ലെന്നാണ് ചാഴൂര്‍ കോവിലകം അംഗങ്ങള്‍ പറയുന്നത്. കാരുകുളങ്ങര കരയോഗത്തിന്റെയോ ഭരണ സമതിയുടെയോ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ നടന്ന കാര്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് കോവിലകം കുടുംബാംഗങ്ങള്‍ പറയുന്നു.
ക്ഷേത്രപ്രവേശന വിളംബരം നടന്ന കാലം മുതല്‍ ജാതി-വര്‍ണ വ്യത്യാസമില്ലാതെ എല്ലാ ഭക്തര്‍ക്കും പ്രവേശനമുണ്ടെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായ ജാതി വിവേചനം അവസാനിപ്പിക്കണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുന്നു. ചാഴൂര്‍ കോവിലകം അംഗങ്ങള്‍ പറയുന്ന എഗ്രിമെന്റ് പ്രകാരമുള്ള കാര്യങ്ങളില്‍ മുടക്കം വന്നിട്ടുണ്ടെന്നും ക്ഷേത്രം കയ്യേറാന്‍ നീക്കങ്ങള്‍ നടത്തിയെന്നും മുന്‍ ഭരണസമിതി അംഗങ്ങളും സമ്മതിക്കുന്നുണ്ട്.
ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പരാതികളിലും കഴമ്പില്ലെന്നാണ് നിലവിലെ ഭരണ സമിതിയും എന്‍എസ്എസ് കരയോഗവും ആവര്‍ത്തിക്കുന്നത്. ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്നും ഇവ അംഗീകരിക്കാനാവില്ലെന്നുമുള്ള ക്ഷേത്ര ഉടമകളുടെ നിലപാട് നിലവിലെ ഭരണസമിതിക്ക് വലിയ തിരിച്ചടിയാണ്.
അതേസമയം ക്ഷേത്ര മേല്‍ശാന്തിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതിഷേധവുമായി കെപിഎംഎസ് രംഗത്തെത്തി. മുന്‍മേല്‍ശാന്തി സത്യനാരായണനെ അധിക്ഷേപിച്ച നായര്‍ സമുദായംഗത്തിനെതിരെ കേസെടുക്കണമെന്ന് കെപിഎംഎസ് ആവശ്യപ്പെട്ടു. പ്രതിഷേധ സൂചകമായി കെപിഎംഎസ് നേതൃത്വത്തില്‍ ഇരിഞ്ഞാലക്കുടയില്‍ പന്തം കൊളുത്തി പ്രകടനവും നടത്തി. കറുത്ത നിറത്തെയും പുലയ സമുദായത്തെയും ആക്ഷേപിക്കുന്നത് നോക്കിനില്‍ക്കാന്‍ ആകില്ലെന്നും സംഘടന പറഞ്ഞു.