തട്ടിക്കൊണ്ടുപോയെന്ന മുൻ ജീവനക്കാരിയുടെ പരാതിയിൽ തനിക്കും പിതാവിനുമെതിരെ കേസെടുത്തതിന് പിന്നാലെ ദിയ കൃഷ്ണ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സ്റ്റോറി ശ്രദ്ധേയമാകുന്നു. ചില സമയങ്ങളിൽ ചെയ്യാവുന്ന കാര്യം ഒന്നും മിണ്ടാതെ കണ്ണുകൾ തുറന്നുവെക്കുകയാണ്. ഒടുവിൽ സത്യം പുറത്തുവരുക തന്നെ ചെയ്യുമെന്നാണ് ദിയ കൃഷ്ണ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിൽ പറയുന്നത്.
അതേസമയം, ക്യൂആർ കോഡ് തട്ടിപ്പിലൂടെ പണം അപഹരിച്ചെന്ന ആരോപണം ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാർ തള്ളി. ദിയ കൃഷ്ണയ്ക്കും പിതാവ് കൃഷ്ണകുമാറിനുമെതിരെ ഗുരുതര ആരോപണവുമായി 'ഓ ബൈ ഓസി'യിലെ ജീവനക്കാർ രംഗത്തെത്തി. തങ്ങളെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ദിയ കൈപ്പറ്റി എന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. എട്ട് ലക്ഷം രൂപ തിരിച്ച് കൊടുത്തത് ഭീഷണിക്ക് വഴങ്ങിയാണ്. സ്വന്തം അക്കൗണ്ടിലേക്ക് പണം വാങ്ങിയത് ദിയ ആവശ്യപ്പെട്ട പ്രകാരം. സ്വന്തം വിലാസമോ നമ്പറോ ഉപയോഗിക്കാതെ എല്ലാത്തിനും ഉപയോഗിച്ചത് തങ്ങളുടെ ബാങ്ക് അക്കൗണ്ടും നമ്പറുകളുമാണ്. ദിയ കൃഷ്ണ വധഭീഷണി മുഴക്കിയെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും ജീവനക്കാർ മാധ്യമങ്ങളോട് പറഞ്ഞു. കൃഷ്ണകുമാറും ദിയയും ഭീഷണിപ്പെടുത്തിയെന്ന് തെളിയിക്കുന്ന വോയിസ് നോട്ടുകൾ പരാതിക്കാർ പുറത്തുവിട്ടു.
അതേസമയം ജീവനക്കാർക്ക് എതിരായ പരാതിയിൽ ഉറച്ച് ദിയ കൃഷ്ണ. ഭീണപ്പെടുത്തിയെന്ന ജീവനക്കാരുടെ ആരോപണം പൂർണമായും ദിയ തള്ളി. ഗർഭിണിയായ മകളെ ഭീഷണിപ്പെടുത്തിയാൽ ഒരു അച്ഛൻ പ്രതികരിക്കുന്നത് പോലെയാണ് ജി. കൃഷ്ണകുമാർ പ്രതികരിച്ചതെന്നും ദിയ കൃഷ്ണ പറഞ്ഞു.
എന്നാൽ, പരാതിക്കാരായ യുവതികൾ പുറത്തുവിട്ടത് 20 സെക്കൻഡ് വീഡിയോ മാത്രമാണ്. 6 മിനിറ്റ് 57 സെക്കൻഡ് വരുന്ന സംഭാഷണത്തിന്റെ പൂർണ രൂപം ന്യൂസ് മലയാളം പുറത്ത് വിട്ടു. സംഭാഷണത്തിൽ 50,000 രൂപ വീതം എടുത്തു എന്ന് യുവതികൾ സമ്മതിക്കുന്നുണ്ട്. യുവതികൾ ക്ഷമാപണം നടത്തുന്നതും വീഡിയോയിൽ കാണാം.
വിഷയത്തിൽ നിലവിൽ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൃഷ്ണകുമാറും ദിയയും ചേർന്ന് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി എട്ട് ലക്ഷം രൂപ വാങ്ങി എന്നാണ് ജീവനക്കാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഇത് പ്രകാരമാണ് മ്യൂസിയം പൊലീസ് കൃഷ്ണകുമാറിനും ദിയ കൃഷ്ണയ്ക്കും എതിരെ കേസ് എടുത്തത്. കേസിൽ വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടി മതിയെന്ന നിലപാടിലാണ് പൊലീസ്.