തിരുവനന്തപുരം: മുഖ്യമന്ത്രി ആയിരുന്ന സമയം പിണറായി വിജയനും മോഹൻലാലുമായി നടന്ന അഭിമുഖത്തിലെ ചില ഭാഗങ്ങൾ വീണ്ടും വൈറലാകുകയാണ്. വൈദ്യുതി മന്ത്രിസ്ഥാനം ഒഴിഞ്ഞതിന് ശേഷം വാടകവീട്ടിലേക്ക് മാറിയതുമായി ബന്ധപ്പെട്ട് നല്‍കിയ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എങ്ങനെയാണ് എപ്പോഴും ഒരുപോലെ ഇരിക്കാന്‍ സാധിക്കുന്നതെന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് പിണറായി വാടകവീട്ടിലേക്ക് മാറിയ കഥപറഞ്ഞത്.
"വൈദ്യുതി മന്ത്രിയായിട്ടാണല്ലോ ഞാന്‍ മന്ത്രിസഭാ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അപ്പോള്‍ അന്ന് എന്റെ മക്കള്‍ ചെറുതാണ്. വൈദ്യുതി മന്ത്രിസ്ഥാനം ഒഴിഞ്ഞ് നേരെ വാടക വീട്ടിലേക്ക് മാറി. ഒരു പ്രയാസവും കുട്ടികള്‍ക്ക് പോലും ഉണ്ടായില്ല. എന്താണോ ഉള്ളത് അതുകൊണ്ട് ജീവിക്കുക, അതില്‍ സന്തോഷിക്കാനും അതിന്റെ ഭാഗമായി മാറാനും കഴിയണം. എനിക്ക് അങ്ങനെ ഒരു നിലയാണ് ഉള്ളത്. വല്ലാതെ എന്തെങ്കിലും മോഹിക്കാറില്ല", പിണറായി വിജയന്‍ പറഞ്ഞു.
"നമ്മള്‍ ഏത് സ്ഥാനത്ത് ഇരിക്കുന്നയാളായാലും അത് പ്രത്യേക നിയോഗത്തിന്റെ ഭാഗമാണെന്ന് കാണണം. എപ്പോഴും അവിടെ നിന്ന് മാറേണ്ടി വരും. ആ ഒരു ധാരണ നമ്മുടെ ഉള്ളില്‍ ഉണ്ടാകും. ആ മാറ്റത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ നമുക്ക് സാധിക്കണം. ഇപ്പോള്‍ മാറണം എന്ന് പറഞ്ഞാല്‍ ഒരു പ്രയാസവും ഉണ്ടാകരുത്. അതാണ് ഏറ്റവും പ്രധാനം" പിണറായി പറഞ്ഞു.
പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെയാണ് അഭിമുഖത്തിലെ ഈ ഭാഗം വൈറലായത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. നിലവിൽ ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷന് സമീപമാണ് പുതിയ വാടക വീട് എടുത്തത്.