തൃശൂർ: കെഎസ്‌യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ സസ്പെന്റ് ചെയ്ത വടക്കാഞ്ചേരി മുൻ എസ്‌എച്ച്ഒ ഷാജഹാന് താനൂർ കൺട്രോൾ റൂമിൽ നിയമനം. കഴിഞ്ഞ മാസം സസ്‌പെൻഡ് ചെയ്തിരുന്നെങ്കിലും പുതിയ നിയമനം നൽകിയിരുന്നില്ല.
തൃശൂരിൽ എസ്എഫ്ഐ പ്രവർത്തകരുമായുള്ള സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് കെഎസ്‌യു നേതാക്കളായ ഗണേഷ് ആറ്റൂർ, അൽഅമീൻ , അസ്ലം കെ.എ. എന്നിവരെയാണ് രാവിലെ വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. തിരികെ കൊണ്ടുപോകുമ്പോഴും മുഖംമൂടി ധരിപ്പിച്ചതോടെ കോൺഗ്രസ് പ്രവർത്തകർ വാഹനം തടഞ്ഞു പ്രതിഷേധിച്ചിരുന്നു.
സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാന് കോടതി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പ്രതിഷേധിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ പ്രതിഷേധ മാർച്ചും കെഎസ്‌യു നടത്തിയിരുന്നു. സംഭവത്തിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പിന്നീടാണ് വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാനെ സസ്പെന്റ് ചെയ്തത്.