തൃശൂർ: ബാറുകളിൽ മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിച്ചതിന് ശേഷം മാത്രമേ മദ്യം നൽകാൻ പാടുള്ളൂ എന്ന കർശന നിർദേശവുമായി എക്സൈസ് മന്ത്രി എം. ലിജു. 23 വയസ്സ് ആണ് മദ്യം വാങ്ങാനുള്ള പ്രായം. ഇത് കർശനമായി തന്നെ പാലിക്കണം. പ്രായപരിശോധയിൽ ഉണ്ടായ വീഴ്ചയാണ് നെടുമ്പാശ്ശേരി വാഹനാപകടത്തിൽ കണ്ടത്. മദ്യം വാങ്ങാനുള്ള പ്രായം ഉറപ്പുവരുത്തേണ്ടത് ബാർ ലൈസൻസുകാരുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി എം. ലിജു പറഞ്ഞു. മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി വാഹനാപകടക്കേസിന്റെ പശ്ചാത്തലത്തിലാണ് പ്രായ പരിശോധന കർശനമാക്കാനുള്ള നിർദേശം മന്ത്രി നൽകിയത്.
സംസ്ഥാന സർക്കാരിൻറെ എക്സൈസ് നയം നവംബറിൽ നിലവിൽ വരും. ഹൈക്കോടതിയിലും ഇക്കാര്യം സർക്കാർ അറിയിച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാരിന്റെ മദ്യനയം ആയിരിക്കില്ല യുഡിഎഫിന്റേതൊന്നും എം ലിജു കൂട്ടിച്ചേര്‍ത്തു.
'പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം കൊടുക്കുക, ആ മദ്യം കഴിച്ച് അവർ പോയി വാഹനാപകടം ഉണ്ടാക്കുക, നിരവധി കുടുംബങ്ങൾ അനാഥമാവുക, അതിനെല്ലാം അവസരം ഒരുക്കിയാൽ ബാറുകൾക്കെതിരെ ശക്തമായ നടപടിയുണ്ടാകും. നിയമം പാലിക്കേണ്ട ഉത്തരവാദിത്തം അവർക്കാണ്. ബാറിൽ എത്തുവരുടെ ആധാർ കാർഡോ മറ്റ് ഐഡി പ്രൂഫോ പരിശോധിക്കണം, എന്നിട്ടേ മദ്യം കൊടുക്കാവൂ. ഈ നിർദേശം അവർ പാലിച്ചില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം അവർ അനുഭവിക്കേണ്ടി വരും'. തൃശൂരിൽ വെച്ച് മാധ്യമപ്രവർത്തകരെ കാണുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം