KERALA

ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബോധംകെട്ട് കിടന്നുറങ്ങി; കള്ളിക്കാട് ചെക്പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

എക്സൈസ് കമ്മിഷണറുടെ നിർദേശപ്രകാരമാണ് ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കള്ളിക്കാട് ചെക്പോസ്റ്റിലെ ഡ്യൂട്ടിക്കിടെ മദ്യപിച്ച് അബോധാവസ്ഥയിലായ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കഴിഞ്ഞ ദിവസത്തെ രാത്രി ഡ്യൂട്ടിക്കിടെയാണ് പ്രിവൻ്റീവ് ഓഫീസർ ഷിൻരാജ് മദ്യപിച്ച് ബോധം പോയത്. ഷിൻരാജ് യൂണിഫോമിൽ മദ്യപിച്ച് നിൽക്കുന്നത് കണ്ട നാട്ടുകാരാണ് ഉന്നത ഉദ്യോ​ഗസ്ഥരെ വിവരം അറിയിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകരയുടെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ചെക്പോസ്റ്റിൽ എത്തി, പരിശോധിച്ചപ്പോഴാണ് ഉദ്യോ​ഗസ്ഥൻ മദ്യപിച്ച് തറയിൽ കിടക്കുന്നതായി കണ്ടത്. ഉദ്യോ​ഗസ്ഥനെ ചെക്പോസ്റ്റ് ഓഫീസിന്റെ പരിസരത്ത് കാണാത്തിനെ തുടർന്ന് സമീപമുള്ള വിശ്രമ മുറി പരിശോധിച്ചപ്പോഴാണ് ഉദ്യോ​ഗസ്ഥനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

ഡ്യൂട്ടി സമയത്ത് എന്തിനാണ് ഈ മുറിയിൽ നിൽക്കുന്നതെന്ന് പൊലീസ് ചോദിച്ചപ്പോൾ ഷിൻരാജ് അവ്യക്തമായ മറുപടിയാണ് നൽകിയത് എന്ന് സസ്പെൻഷൻ ഓർഡറിൽ പറയുന്നു. പിന്നീട് ഇയാളെ വൈദ്യപരിശോധയ്ക്കായി മലയിൻകീഴ് താലൂക്ക് ഹെഡ് കാർേട്ടേഴ്സ് ആശുപത്രിയിൽ ഹാജറാക്കി. ശേഷം ഇയാൾ മദ്യപിച്ചിട്ടുണ്ട് ഡോക്ടർ സ്ഥിരീകരിക്കുകയും ചെയ്തു.

ഡ്യൂട്ടിക്കിടെയുള്ള ഷിൻരാജിന്റ മദ്യപാനം ​ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. എക്സൈസ് കമ്മിഷണറുടെ നിർദേശപ്രകാരമാണ് ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തത്

SCROLL FOR NEXT