കാരക്കുണ്ട് വെള്ളച്ചാട്ടം  Source: News Malayalam 24X7 Screengrab
KERALA

റീല്‍സുകളില്‍ വൈറല്‍; കരിമ്പാറക്കൂട്ടത്തിന് നടുവിൽ വെള്ളിനൂൽ കണക്കൊരു വെള്ളച്ചാട്ടം; സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി കാരക്കുണ്ട്

അവധി ദിവസങ്ങളിൽ പ്രതിദിനം 500 പേരെങ്കിലും ഇവിടേക്ക് എത്തുന്നുണ്ടെന്നാണ് കണക്ക്.

Author : ന്യൂസ് ഡെസ്ക്

കണ്ണൂര്‍: ജില്ലയിലെ കാരക്കുണ്ട് വെള്ളച്ചാട്ടം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറുകയാണ്. മഴക്കാലത്ത് വർണിക്കാനാവാത്ത സൗന്ദര്യമാണ് കാരക്കുണ്ടിന്. റീലുകളിലൂടെ പ്രസിദ്ധമായതോടെ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.

കരിവീരന്റെ മസ്തകത്തിന് അലങ്കാരമായ നെറ്റിപ്പട്ടം പോലെ കരിമ്പാറക്കൂട്ടത്തിന് നടുവിൽ വെള്ളിനൂൽ കണക്കൊരു വെള്ളച്ചാട്ടം. അടുക്കുമ്പോൾ തന്നെ വെള്ളത്തുള്ളികൾ ശരീരവും മനസും നനച്ചു തുടങ്ങും...പച്ചപ്പിനിടയിൽ പാറക്കെട്ടുകൾക്കിടയിൽ കണ്ണും കാതും കവരുന്നൊരു കാഴ്ച. കണ്ണൂർ മാതമംഗലത്തിനടുത്ത കാരക്കുണ്ട് വെള്ളച്ചാട്ടമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

മഴക്കാലമാകുന്നതോടെയാണ് വെള്ളച്ചാട്ടം രൂപപ്പെടുക. പണ്ടെങ്ങോ ഉപേക്ഷിക്കപ്പെട്ട പാറമടയിലേക്ക് ജലരേഖകൾ വീണ് ചിതറും. കാരക്കുണ്ടിലെ ഈ മനോഹര കാഴ്ച കാണാനെത്തുന്നവരും കുറവല്ല. വഴിയാത്രക്കാർക്ക് ഒന്നിറങ്ങിയിട്ട് പോകാമെന്ന് തോന്നിപ്പിക്കുന്ന സൗന്ദര്യമുണ്ട് കാരക്കുണ്ടിന്. അവിചാരിതമായി കണ്ടവരും, കേട്ടറിഞ്ഞെത്തുന്നവർക്കും നിരാശയില്ല, അതിനാൽ തന്നെ കാരക്കുണ്ട് പെരുമകെട്ട് ദൂരെ നാടുകളിൽ നിന്നുപോലും നിരവധിപേർ ദിനംപ്രതി ഇവിടേക്ക് എത്തുന്നു.

കുട്ടികൾക്കും സ്ത്രീകൾക്കുമെല്ലാം ഇറങ്ങാനാവും വിധം സുരക്ഷിതമാണ് കാരക്കുണ്ട്. അവധി ദിവസങ്ങളിൽ പ്രതിദിനം 500 പേരെങ്കിലും ഇവിടേക്ക് എത്തുന്നുണ്ടെന്നാണ് കണക്ക്. ഇൻസ്റ്റഗ്രാം റീലുകളിലും വൈറലായതോടെ, കാരക്കുണ്ട് കണ്ണൂരിന്റെ വൈറൽ ഹിഡൻ സ്പോട്ട് കൂടിയാണിപ്പോൾ.

SCROLL FOR NEXT