കൊച്ചി: അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസിലെ അന്വേഷണം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും. റാക്കറ്റുമായി ഡോക്ടര്‍മാര്‍ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കും. തട്ടിപ്പ് നടന്നത് കല്ലത്രസ് മെഡിക്കല്‍ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിലാണ്. ഒളിവിലുള്ള മുഖ്യപ്രതി നജീബിനായി ലുക്കൗട്ട് സര്‍ക്കുലറും ഇറക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറില്‍ ആശുപത്രിയില്‍ വച്ച് വടക്കേക്കര സ്വദേശിക്ക് അവയവദാനം നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അവയവക്കച്ചവട റാക്കറ്റുമായി ആശുപത്രിക്കുള്ള ബന്ധത്തിലാണ് അന്വേഷണം. അവയവം ദാനം ചെയ്തയാളെയും പൊലീസ് പ്രതിചേര്‍ത്തിട്ടുണ്ട്.
ഡോക്ടര്‍മാരുടെ അറിവോടെയാണോ റാക്കറ്റ് ഒപ്പും സീലും ഉപയോഗിച്ചതെന്നതിലും പരിശോധന നടത്തിവരികയാണ്. ജഡ്ജിമാരുടെ പേരിലും വ്യാജ രേഖകള്‍ ചമച്ചുവെന്നും കണ്ടെത്തലുണ്ട്. വിശദമായ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കും.
മെഡിക്കല്‍ ടൂറിസത്തിന്റെ മറവിലാണ് തട്ടിപ്പെന്നും ആരോപണമുണ്ട്. കല്ലത്രസ് മെഡിക്കല്‍ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിലാണ് അവയവ ദാന തട്ടിപ്പ് നടന്നിരുന്നത്. വ്യാജ രേഖ ഉണ്ടാക്കിയെന്ന കേസില്‍ ഫോട്ടോസ്റ്റാറ്റ് കടയുടെ നടത്തിപ്പുകാരായ സണ്ണി വര്‍ഗീസ്, സിനി സണ്ണി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
അവയവദാനത്തിനായി വ്യാജരേഖ ഉണ്ടാക്കുന്നു എന്ന സംശയത്തില്‍ ഫോട്ടോസ്റ്റോറ്റ് കടകളടക്കം വിവിധ സ്ഥാപനങ്ങളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. എറണാകുളം റൂറലിന് കീഴിലുള്ള മൂന്ന് സ്റ്റേഷന്‍ പരിധിയിലെ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
അവയവദാനവുമായി ബന്ധപ്പെട്ട് പൊലീസിന്റെ വ്യാപകപരിശോധന ഏറെ നാളുകളായി നടന്നുവരികയാണ്. അതിന്റെ ഭാഗമായി ചില ക്രമക്കേടുകള്‍ കണ്ടെത്തിയതോടെയാണ് പൊലീസ് എറണാകുളം റൂറലിന് കീഴിലുള്ള മൂന്ന് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ തുടങ്ങിയത്.