കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ മാർട്ടിൻ അതിജീവിതയ്‌ക്കെതിരെ നടത്തിയ അപവാദ പ്രചരണം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചതിനെതിരെ എടുത്ത കേസിൽ അന്വേഷണം തൃശൂർ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. സൈബർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഐടി ആക്ട് 67, 72, 75 വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നവമാധ്യമങ്ങളിൽ വഴി ഷെയർ ചെയ്ത ലിങ്കുകൾ റിമൂവ് ചെയ്യണമെന്ന് കാണിച്ച് സമൂഹ മാധ്യമങ്ങൾക്ക് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം കമ്പനികളോട് ലിങ്കുകൾ റിമൂവ് ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നടിക്കെതിരെ അപവാദ പ്രചരണം നടത്തിയ 27 വ്യക്തികൾക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.
അന്വേഷണത്തിൻ്റെ രണ്ടാംഘട്ടത്തിൽ കൂടുതൽ പേർക്കെതിരെ കേസെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കൂുതൽ പേർക്കെതിരെ നടപടി ഉണ്ടായേക്കും. നടിയുടെ പരാതിയിൽ തൃശൂർ സിറ്റി പൊലീസ് ആണ് ആദ്യം കേസെടുത്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് മാർട്ടിൻ.
ഇയാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോക്കെതിരെ നടി നേരത്തെ തന്നെ പരാതി നൽകിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു എന്നും വ്യക്തി വിവരങ്ങൾ ഉൾപ്പെടെ പങ്കുവെക്കുന്നെന്നുമായിരുന്നു അതിജീവിതയുടെ പരാതി.
മാർട്ടിൻ പങ്കുവച്ച വീഡിയോയിൽ വസ്തുതാ വിരുദ്ധതയും വ്യക്തിവിവരങ്ങളും പങ്കുവെക്കുന്നുവെന്ന് അതിജീവിത കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. അതിജീവിതയെ അധിക്ഷേപിച്ചവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചുവരികയാണ്.