എറണാകുളം: കൊച്ചി കോർപ്പറേഷനിൽ ഡെപ്യൂട്ടി മേയർ സ്ഥാനത്തിനായി തർക്കം. ഡെപ്യൂട്ടി മേയർ സ്ഥാനം വേണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ് രംഗത്തെത്തിയതിന് പിന്നാലെയാണ് തർക്കം. ഡെപ്യൂട്ടി മേയർ സ്ഥാനം ടി.കെ. അഷ്റഫിന് നൽകണമെന്നാണ് ലീഗിൻ്റെ അവശ്യം. എന്നാൽ സ്ഥാനം നൽകാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതൃത്വവും അറിയിച്ചു.
കഴിഞ്ഞ കോർപ്പറേഷനിൽ ഇടതുമുന്നണി ഭരണം പിടിച്ചുനിർത്തിയ സ്വതന്ത്രനായിരുന്നു ടി.കെ. അഷ്റഫ്. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇയാൾ യുഡിഎഫിലേക്ക് ചേക്കേറുകയായിരുന്നു. മുസ്ലിം ലീഗ് സ്ഥാനാർഥിയായി കറുകപള്ളി വാർഡിലാണ് അഷ്‌റഫ് മത്സരിച്ചത്.
അതേസമയം കൊച്ചി കോർപ്പറേഷനിൽ മേയർ പ്രഖ്യാപനം വൈകാനാണ് സാധ്യത. മേയറെ തീരുമാനിക്കുന്നതിൽ കോൺഗ്രസിൽ ഏകാഭിപ്രായത്തിൽ എത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവിൽ ദീപ്‌തി മേരി വർഗീസിനാണ് മേയർ സ്ഥാനത്തേയ്ക്ക് സാധ്യത കൂടുതലുള്ളത്. അഡ്വ. മിനിമോൾ, ഷൈനി മാത്യു എന്നിവർക്കായി നേതാക്കളിൽ ചിലർ രംഗത്തിറങ്ങിയ സാഹചര്യത്തിലാണ് മേയർ പ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുന്നത്.