സ്മിത സുനിൽ Source: News Malayalam 24x7
KERALA

"മോഷണക്കുറ്റം ആരോപിച്ച് മാനസികമായി പീഡിപ്പിച്ചു"; അന്തിക്കാട് യുവതിയുടെ മരണത്തിൽ ജോലി ചെയ്ത സ്ഥാപനത്തിനെതിരെ പരാതിയുമായി കുടുംബം

പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്...

Author : ന്യൂസ് ഡെസ്ക്

തൃശൂർ: അന്തിക്കാട് യുവതി ജീവനൊടുക്കിയതിൽ തൊഴിൽ സ്ഥാപനത്തിനെതിരെ പരാതിയുമായി കുടുംബം. മോഷണക്കുറ്റം ആരോപിച്ച് ചില ജീവനക്കാർ മാനസികമായി പീഡിപ്പിച്ചതാണ് അന്തിക്കാട് സ്വദേശി സ്മിത സുനിലിന്റെ മരണത്തിന് കാരണമെന്നാണ് ആരോപണം. പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്.

കഴിഞ്ഞ 25 വർഷത്തിലേറെയായി തൃശൂർ തൃപ്രയാറിലെ വസ്ത്രശാലയിൽ സെയിൽസ് സ്റ്റാഫായിരുന്നു അന്തിക്കാട് സ്വദേശി സ്മിത. വിശേഷ ദിവസങ്ങളിൽ ഇവിടെ നിന്നാണ് കുടുംബത്തിന് ആവശ്യമായ വസ്ത്രങ്ങൾ സ്മിത വാങ്ങിയിരുന്നത്. കഴിഞ്ഞ വിഷുവിനും, തലേന്ന് രാവിലെ ജോലിക്കെത്തി, തുണിത്തരങ്ങൾ തെരഞ്ഞെടുത്ത് സ്ഥാപനത്തിൽ തന്നെ മാറ്റിവച്ചു. വൈകിട്ട് ജോലി കഴിഞ്ഞതോടെ ബില്ലടച്ച് വീട്ടിലേക്ക് മടങ്ങുകയും വിഷു ദിനത്തിൽ അവധി എടുക്കുകയും ചെയ്തു. എന്നാൽ പിറ്റേന്ന് ജോലിക്കെത്തിയ സ്മിതയെ മോഷണക്കുറ്റം ആരോപിച്ച് സഹപ്രവർത്തകർ അധിക്ഷേപിച്ചെന്ന് കുടുംബം ആരോപിക്കുന്നു.

സഹപ്രവർത്തകരുടെ മാനസിക പീഡനവും പരിഹാസവും മൂലം കടുത്ത മാനസിക ബുദ്ധിമുട്ട് നേരിട്ട സ്മിത ഒരു മാസത്തോളം ജോലിക്ക് പോയില്ല. ഇതിനിടയിൽ താൻ നേരിടുന്ന പ്രതിസന്ധി കുടുംബാംഗങ്ങളോടും സുഹത്തുക്കളോടും പറഞ്ഞു. കഴിഞ്ഞ മാസം 15ന് സ്മിത ജീവനൊടുക്കി. സ്ഥാപനത്തിലെ മാനസിക പീഡനം ചൂണ്ടിക്കാട്ടി അന്തിക്കാട് പൊലീസിൽ കുടുംബം പരാതി നൽകി. എന്നാൽ ഒരു നടപടിയും ഉണ്ടായില്ലെന്നാണ് ആക്ഷേപം.

എന്നാൽ അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പൊലീസിന്റെ വിശദീകരണം. കുടുംബാംഗങ്ങൾക്ക് പരാതി ഉണ്ടെങ്കിലും നിലവിൽ സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെ കേസെടുക്കാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. സ്ഥാപനത്തെയും ജീവനക്കാരെയും സഹായിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് സ്മിതയുടെ കുടുംബത്തിന്റെ ആരോപണം. മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സ്മിതയുടെ കുടുംബവും നാട്ടുകാരും.

SCROLL FOR NEXT