കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി അതുല്യയുടെ കുടുംബം മുഖ്യമന്ത്രിയെ കാണാൻ ഒരുങ്ങുന്നു. കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണത്തിൽ കടുത്ത അതൃപ്തിയുണ്ടെന്നും കുടുംബം അറിയിച്ചു.
അതുല്യ അനുഭവിച്ച ക്രൂരതയുടെ കൂടുതൽ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കേസിൽ മകൾക്ക് നീതി ലഭിക്കണമെന്നാണ് അതുല്യയുടെ കുടുംബത്തിൻ്റെ ആവശ്യം. മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്ന് കുടുംബം പറയുന്നു. സതീഷിനെതിരെ ഇനിയും തെളിവുകളുണ്ട്. ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് ഫലത്തിനായി കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു.
ഷാർജയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയെ ഭർത്താവ് സതീഷ് കൊലപ്പെടുത്തുമെന്ന് പറയുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. മദ്യപിച്ച ശേഷം അതുല്യയെ ക്രൂരമായി മർദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അതേസമയം വീഡിയോ വ്യാജമാണെന്ന വാദമായിരുന്നു സതീഷിൻ്റെ കുടുംബം ഉയർത്തിയത്.
ഇക്കഴിഞ്ഞ ജൂലൈ 19നാണ് ഷാർജയിൽ ഭർത്താവ് സതീശിനൊപ്പം താമസിച്ചിരുന്ന അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, അതുല്യയുടെ മരണം കൊലപാതകമാണെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം. ക്രൂരപീഡനത്തിൻ്റെ ദൃശ്യങ്ങൾ തെളിവായി കോടതിയിൽ ഹാജരാക്കിയെങ്കിലും, ഇവ പഴയ ദൃശ്യങ്ങളാണെന്നാണ് പ്രതിഭാഗം വാദിക്കുന്നത്. ചിത്രങ്ങളുടെ ആധികാരികത തെളിയിക്കുന്ന ഫോറൻസിക് റിപ്പോർട്ട് ഹാജരാക്കാനും കോടതി പ്രോസിക്യൂഷനോട് നിർദേശിച്ചു.