മരിച്ച അനയ, അനയയുടെ പിതാവ് ഡോക്ടറെ ആക്രമിക്കുന്ന ദൃശ്യങ്ങൾ Source: News Malayalam 24x7
KERALA

താമരശേരിയിൽ ഡോക്ടറെ ആക്രമിച്ച സംഭവം: സനൂപിൻ്റെ മകൾ മരിച്ചത് മസ്‌തിഷ്ക ജ്വരം ബാധിച്ചല്ല; നിയമനടപടിക്കൊരുങ്ങി കുടുംബം

കുടുംബം താമരശേരി ഡിവൈഎസ്‌പിക്ക്‌ പരാതി നൽകി

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: താമരശേരിയിൽ ഇൻഫ്ലുവൻസ എ വൈറൽ ന്യുമോണിയ ബാധിച്ച് മരിച്ച ഒമ്പത് വയസുകാരിയുടെ കുടുംബം നിയമനടപടിയിലേക്ക്. അനയയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം അല്ലെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നിയമ നടപടി. കുടുംബം താമരശേരി ഡിവൈഎസ്‌പിക്ക്‌ പരാതി നൽകി.

കഴിഞ്ഞ ഓഗസ്റ്റ് 14നാണ് താമരശേരി കോരങ്ങാട് സ്വദേശി ഒൻപത് വയസുകാരി അനയ മരിച്ചത്. കടുത്ത പനിയെത്തുടർന്ന് താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിയ കുട്ടിയെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ യാത്രാമധ്യേ കുട്ടി മരിച്ചു.

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് കൃത്യമായി ചികിത്സ ലഭിക്കാത്തതാണ് മരണ കാരണമെന്ന് കുടുംബം തുടക്കം മുതൽ തന്നെ ആരോപിച്ചിരുന്നു. ഒറ്റ ദിവസം കൊണ്ട് പനി മൂര്‍ച്ഛിച്ച് മരണം സംഭവിച്ചതിലെ ദുരൂഹതയാണ് വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാക്കാക്കിയത്.

എന്നാൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചാണ് മരണമെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ കുടുബത്തെ അറിയിച്ചത്. കഴിഞ്ഞ ദിവസം പുറത്തു വന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇൻഫ്ലുവൻസ എ മൂലമുള്ള വൈറൽ ന്യുമോണിയ ബാധിച്ചാണ് അനയ മരിച്ചതെന്നുള്ള വിവരം പുറത്തു വന്നത്.

കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നോക്കട്ടെയെന്നായിരുന്നു ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ പ്രതികരണം. എന്താണ് മരണകാരണം എന്ന് റിപ്പോർട്ടിൽ ഉണ്ടാകുമല്ലോ. ചികിത്സയുമായി ബന്ധപ്പെട്ട റിപ്പോർട്ട് ലഭിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കാര്യം അറിയില്ലെന്നും മന്ത്രി പറഞ്ഞു.

അനയ മരിച്ചത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചല്ലെന്ന് ആരോപിച്ച് പിതാവ് സനൂപ് താമരശേരി താലൂക്ക് ആശുപത്രിയിലേ ഡോക്ടറെ വെട്ടിപരിക്കേൽപ്പിച്ചിരുന്നു. കോടതി റിമാൻഡ് ചെയ്ത ഇയാൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന് വൈകുന്നേരം സനൂപിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും.

SCROLL FOR NEXT