തിരുവനന്തപുരം: കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിലുണ്ടായ പിഴവിനെതിരെ നൽകിയ പരാതികളിലൊന്നും നടപടിയുണ്ടായില്ലെന്ന് ശ്രീവരാഹം സ്വദേശി നീതുവിൻ്റെ കുടുംബം. സ്റ്റേറ്റ് അപെക്സ് കമ്മിറ്റി മൊഴിയെടുത്തെങ്കിലും റിപ്പോർട്ട് വൈകുകയാണ്. മെഡിക്കൽ റിപ്പോർട്ട് കിട്ടിയാൽ മാത്രമേ അടുത്ത നിയമ നടപടി സ്വീകരിക്കാൻ കഴിയു എന്നും കുടുംബം പറയുന്നു.
ഈ വർഷം ഫെബ്രുവരി 22നാണ് അരിശുംമൂട്ടിലുള്ള കോശസ്മെറ്റിക് ക്ലിനിക്കിൽ നീതു വയറിലെ കൊഴുപ്പ് നീക്കൽ ശാസ്ത്രക്രിയ നടത്തിയത്. തുടർന്ന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചികിത്സാപിഴവ് സംഭവിച്ചെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തുകയുമായിരുന്നു. വിഷയത്തിൽ വിവിധ വകുപ്പുകളിൽ ഉൾപ്പടെ പരാതി നൽകിയിട്ടും ഒന്നിലും നടപടിയായില്ലെന്ന് കുടുംബം ന്യൂസ് മലയാളത്തോട് പറഞ്ഞു.
ചികിത്സാപിഴവ് ആരോപണം ഉന്നയിച്ച കോസ്മെറ്റിക് ക്ലിനിക് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അതിനെതിരെ ഉൾപ്പടെ നടപടി സ്വീകരിക്കണമെങ്കിൽ കുടുംബത്തിന് പരാതിയിലെ മെഡിക്കൽ റിപ്പോർട്ട് ആവശ്യമാണ്.
ഇപ്പോഴും ആരോഗ്യപ്രശ്നങ്ങൾ നീതുവിനെ അലട്ടുന്നുണ്ട്. പരാതി നൽകാൻ ഒരു വർഷമാക്കാൻ നാല് മാസം കൂടിയെ ബാക്കിയുള്ളൂ. മനുഷ്യാവകാശ കമ്മീഷനോ വനിതാ കമ്മീഷനോ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ല.