Source: News Malayalam 24x7
KERALA

തിരുവനന്തപുരത്ത് എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപണവുമായി പിതാവ്; റിപ്പോർട്ട് തേടി ഡിഎംഒ

ആൻ്റി വെനം നൽകാത്തത് പാമ്പുകടി സ്ഥിരീകരിക്കാത്തതിനാൽ എന്ന് ആശുപത്രി അധികൃതർ...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പാമ്പ് കടിയേറ്റ് എട്ടു വയസുകാരൻ മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ഡിഎംഒ. ആശുപത്രി സൂപ്രണ്ടിനോടാണ് റിപ്പോർട്ട് തേടിയത്. അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് നിർദേശം.

ചിറയൻകീഴ് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണവുമായി കുട്ടിയുടെ പിതാവ് നേരത്തെ രംഗത്തെത്തിയിരുന്നു. കുട്ടിക്ക് പ്രാഥമിക ചികിത്സ ലഭിച്ചില്ലെന്ന് ദിക്ഷലിൻ്റെ പിതാവ് ദിലീപ് ന്യൂസ് മലയാളത്തോട് പറഞ്ഞു. പാമ്പ് കടിയേറ്റ ഉടനെ ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മതിയായ ചികിത്സ നൽകിയില്ലെന്നാണ് ആരോപണം.

എന്നാൽ, പ്രാഥമികമായ ടെസ്റ്റുകളിൽ കുട്ടിയെ പാമ്പ് കടിച്ചതായി കണ്ടെത്തിയില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. ആശുപത്രിയിൽ ആന്റിവെനം ഉണ്ടായിരുന്നു, ആൻ്റി വെനം നൽകാത്തത് പാമ്പുകടി സ്ഥിരീകരിക്കാത്തതിനാൽ എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കാലിൽ എന്തോ കടിച്ചു എന്നാണ് പറഞ്ഞത്. പാമ്പ് കടിയേറ്റതാണോ എന്ന് സംശയം ഉണ്ടായി. പാമ്പ് കടിച്ചോ എന്നറിയാനുള്ള ബ്ലഡ് ടെസ്റ്റുകൾ നടത്തി. അത് നോർമൽ ആയിരുന്നു. ടെസ്റ്റിൽ മറ്റ് പ്രശ്നങ്ങൾ കണ്ടെത്തിയില്ല. തുടർന്നും കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ മെഡിക്കൽ കോളജിലേക്ക് മാറ്റിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷല്‍ ആണ് മരിച്ചത്. കുട്ടിയുടെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും. അഴൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കാനാണ് തീരുമാനം.

SCROLL FOR NEXT