ആലപ്പുഴ: നൂറനാട് ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ മർദിച്ച കേസിൽ കുട്ടിയുടെ അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവിലായിരുന്നു.
നാലാം ക്ലാസുകാരിയുടെ അച്ഛനെ ഒന്നാം പ്രതിയാക്കിയും രണ്ടാനമ്മയെ രണ്ടാം പ്രതിയാക്കിയുമാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. കുട്ടിയെ ചീത്ത വിളിച്ചതിനും മർദിക്കുന്നതിനും ബിഎൻസ് 296B, 115 എന്നി വകുപ്പുകളും ജെജെ ആക്ടിലെ 75 ആം വകുപ്പുമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
വിദ്യാർഥിനിയെ രണ്ടാനമ്മ ക്രൂരമായി മർദിച്ചുവെന്നായിരുന്നു പരാതി. വിദ്യാർഥിനിയുടെ മുഖത്തും ശരീരത്തിലും മർദനമേറ്റത്തിന്റെ പാടുകളുണ്ട്. നേരത്തെയും രണ്ടാനമ്മ മർദിച്ചതിനെ കുറിച്ച് കുട്ടി എഴുതിയ കുറിപ്പും പുറത്തുവന്നിരുന്നു. സ്കൂളിലെ അധ്യാപികയാണ് കുട്ടിയുടെ മുഖത്ത് മർദനമേറ്റ പാടുകൾ കണ്ടെത്തിയത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ കുട്ടി രണ്ടാനമ്മ അടിച്ച കാര്യം അധ്യാപികയോട് പറയുകയായിരുന്നു.
വിദ്യാർഥി അനുഭവിച്ച കൊടുംക്രൂരതകൾ കുറിപ്പിൽ വ്യക്തമാണ്. 'എനിക്ക് അമ്മയില്ലെന്ന്' പറഞ്ഞാണ് കുട്ടി കുറിപ്പ് ആരംഭിക്കുന്നത്. പ്ലേറ്റ് സ്കൂളിൽ മറന്നുവെച്ചതിനും, അനുജനുമായി വഴക്കുണ്ടാക്കിയതിനുമെല്ലാം രണ്ടാനമ്മയിൽ നിന്നും മർദനമേറ്റതായി കുറിപ്പിൽ പറയുന്നു. ഫ്രിഡ്ജ് തുറക്കാനും, സോഫയിലിരിക്കാനും, ബാത്റൂം ഉപയോഗിക്കാനും വരെ കുഞ്ഞിനെ വിലക്കിയിരുന്നെന്നും കുറിപ്പിലുണ്ട്.
സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി എടുത്ത ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ആലപ്പുഴ സിഡബ്ലിയുസി ഓഫീസിൽ എത്തിയ പിതാവിന്റെ ഉമ്മയ്ക്കാണ് കുട്ടിയെ വളർത്താനുള്ള തത്കാലിക ചുമതല നൽകിയിരിക്കുന്നത്. കുഞ്ഞിന്റെ ആവശ്യപ്രകാരമാണ് തീരുമാനം. കുട്ടിക്ക് എല്ലാ സംരക്ഷണവും ഉറപ്പ് വരുത്തുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചിട്ടുണ്ട്.