ആലപ്പുഴ: നാലാം ക്ലാസ് വിദ്യാർഥിനിയെ രണ്ടാനമ്മ ക്രൂരമായി മർദിച്ചതായി പരാതി. ആലപ്പുഴ നൂറനാട് ആദിക്കാട്ടുകുളങ്ങരയിലാണ് സംഭവം. വിദ്യാർഥിനിയുടെ മുഖത്തും ശരീരത്തിലും മർദ്ദനമേറ്റത്തിന്റെ പാടുകളുണ്ട്. നേരത്തെയും രണ്ടാനമ്മ മർദിച്ചതിനെ കുറിച്ച് കുട്ടി എഴുതിയ കുറിപ്പും പുറത്തുവന്നു.
സ്കൂളിലെ അധ്യാപികയാണ് കുട്ടിയുടെ മുഖത്ത് മർദനമേറ്റ പാടുകൾ കണ്ടെത്തിയത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ കുട്ടി രണ്ടാനമ്മ അടിച്ച കാര്യം അധ്യാപികയോട് പറഞ്ഞു. പിന്നാലെ വിഷയം അധികൃതരെ അറിയിക്കുകയായിരുന്നെന്ന് സ്കൂളിലെ പ്രധാനാധ്യാപകൻ പറയുന്നു.
ഇതിനിടെ രണ്ടാനമ്മയുടെ മർദനത്തെക്കുറിച്ച് കുട്ടിയെഴുതിയ കുറിപ്പും പുറത്തുവന്നു. വിദ്യാർഥി അനുഭവിച്ച കൊടുംക്രൂരതകൾ കുറിപ്പിൽ വ്യക്തമാണ്. 'എനിക്ക് അമ്മയില്ലെന്ന്' പറഞ്ഞാണ് കുട്ടി കുറിപ്പ് ആരംഭിക്കുന്നത്. പ്ലേറ്റ് സ്കൂളിൽ മറന്നുവെച്ചതിനും, അനുജനുമായി വഴക്കുണ്ടാക്കിയതിനുമെല്ലാം രണ്ടാനമ്മയിൽ നിന്നും മർദനമേറ്റതായി കുറിപ്പിൽ പറയുന്നു. ഫ്രിഡ്ജ് തുറക്കാനും, സോഫയിലിരിക്കാനും, ബാത്റൂം ഉപയോഗിക്കാനും വരെ കുഞ്ഞിനെ വിലക്കിയിരുന്നെന്നും കുറിപ്പിലുണ്ട്.