KERALA

ഒരു വർഷത്തിനിടെ നെടുമ്പാശേരിയിൽ മാത്രം പിടികൂടിയത് 100 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; ആവശ്യക്കാരിൽ സിനിമക്കാരും

ബാങ്കോക്ക് ആണ് ഹൈബ്രിഡ് കഞ്ചാവ് കടത്തിന്റെ മുഖ്യ ഉറവിടം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സംസ്ഥാനത്തേക്ക് ഹൈബ്രിഡ് കഞ്ചാവ് ഒഴുക്ക് നിർബാധം തുടരുന്നു. ഒരു വർഷത്തിനിടെ നെടുമ്പാശേരിയിൽ നിന്ന് മാത്രം പിടികൂടിയത് 100 കോടിയുടെ കഞ്ചാവെന്നാണ് കണക്കുകൾ. ബാങ്കോക്ക് ആണ് ഹൈബ്രിഡ് കഞ്ചാവ് കടത്തിന്റെ മുഖ്യ ഉറവിടം. ഒരു കിലോ കഞ്ചാവിന് ഒരുകോടി രൂപയാണ് വില. കൊച്ചി-കരിപ്പൂർ വിമാനത്താവളം വഴിയാണ് ഹൈബ്രിഡ് കഞ്ചാവ് കടത്താനുള്ള ശ്രമം കൂടുതലായി നടക്കുന്നതെന്നും കണക്കുകൾ പറയുന്നു. വീര്യം കൂടിയ ലഹരിക്ക് സിനിമക്കാരുൾപ്പെടെ ആവശ്യക്കാരും ഏറെയാണ്.

ബാങ്കോക്കിൽ ഹൈബ്രിഡ് കഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാണ്. ഈ അനുകൂല്യം ഉപയോഗിച്ചാണ് അവിടുത്തെ എയർപോർട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താനുള്ള ശ്രമം നടത്തുന്നത്. കഞ്ചാവ് കടത്തിൻ്റെ പിന്നിൽ ഉത്തരേന്ത്യക്കാരും മലയാളികളുമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കാര്യർമാരായി എത്തുന്നവർക്ക് ഒരു ലക്ഷം രൂപ വരെയാണ് കൂലി. ഹൈഡ്രോപോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് വളര്‍ത്തിയെടുക്കുന്നതാണ് ഹൈബ്രിഡ് കഞ്ചാവ്. പോളിത്തിൻ ഹൗസുകളിലാണ് ഇതിൻ്റെ നിർമാണം. ഇത്തരത്തിലുണ്ടാക്കുന്ന കഞ്ചാവിന് വീര്യം കൂടുതലാണ്.

വീര്യം കൂടിയ ലഹരിക്ക് സിനിമക്കാരുൾപ്പെടെ ആവശ്യക്കാരും ഏറെയാണ്. തൊടുപുഴയിൽ സിനിമ മേക്കപ്പ് ആർട്ടിസ്റ്റ് ആർ.ജി. വയനാടൻ പിടിയിലായത് 50 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ്. സംവിധായകരായ ഖാലിദ് റഹ്മാൻ, അഷറഫ് ഹംസ എന്നിവരുടെ ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്തതും ഹൈബ്രിഡ് കഞ്ചാവാണ്. ആലപ്പുഴയിൽ രണ്ട് കിലോ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീമ സിനിമാക്കാർക്ക് കഞ്ചാവ് വിതരണം നടത്തുന്നതായി മൊഴി നൽകിയിരുന്നു.

SCROLL FOR NEXT