
ഭോപ്പാല്‍: മധ്യപ്രദേശില്‍ കഫ്‌സിറപ്പ് കഴിച്ചതിനു പിന്നാലെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ മരുന്ന് എഴുതിയ ഡോക്ടര്‍ അറസ്റ്റില്‍. ചിന്ദ്വാരയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. പ്രവീണ്‍ സോണിയെയാണ് അറസ്റ്റ് ചെയ്തത്.
പതിനൊന്ന് കുട്ടികളാണ് മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ മരണപ്പെട്ടത്. സര്‍ക്കാര്‍ ഡോക്ടറായ പ്രവീണ സോണിയുടെ സ്വകാര്യ ക്ലിനിക്കിലെത്തിയ കുട്ടികള്‍ക്കാണ് സിറപ്പ് നല്‍കിയത്.
തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുള്ള ശ്രീസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിച്ച കോള്‍ഡ്‌റിഫ് കഫ് സിറപ്പാണ് കുട്ടികള്‍ക്ക് നല്‍കിയത്. ഈ കമ്പനിക്കെതിരെ കഴിഞ്ഞ ദിവസം മധ്യപ്രദേശ് സര്‍ക്കാര്‍ കേസെടുത്തിരുന്നു.
മരുന്നിന്റെ സാമ്പിളില്‍ ഉയര്‍ന്ന വിഷാംശമായ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ 48.6 ശതമാനം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോള്‍ഡ്‌റിഫിന്റെ വില്‍പ്പന നേരത്തേ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ചെന്നൈയിലെ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ ഗവണ്‍മെന്റ് ഡ്രഗ് അനലിസ്റ്റ് പരിശോധിച്ച സിറപ്പിന്റെ ഒരു സാമ്പിള്‍, തമിഴ്നാട് ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് 'സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റിയില്‍ അല്ല' എന്ന് രേഖപ്പെടുത്തിയതുമാണ്.
സെപ്റ്റംബറില്‍ ചെറിയ പനിയും ജലദോശവുമായി എത്തിയ കുട്ടികള്‍ക്കാണ് മരുന്നിനൊപ്പം കഫ് സിറപ്പും നല്‍കിയത്. മരുന്ന് കഴിച്ചപ്പോള്‍ ആദ്യം അസുഖം ഭേദമായെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ അസുഖം വീണ്ടും വന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മൂത്ര തടസ്സം അനുഭവപ്പെട്ടു. പെട്ടെന്ന് നില വഷളാകുകയും അണുബാധ വൃക്കയിലേക്ക് വ്യാപിക്കുകയും ചെയ്താണ് കുട്ടികള്‍ മരണപ്പെട്ടത്. മരിച്ച പതിനൊന്ന് കുട്ടികളില്‍ ഭൂരിഭാഗവും ചികിത്സയ്‌ക്കെത്തിയത് ഡോ. സോണിയുടെ ക്ലിനിക്കിലായിരുന്നു.
ആന്തരികാവയവ പരിശോധനയില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോളിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഡോക്ടര്‍ക്കെതിരേയും മരുന്നിനെതിരേയും ആക്ഷേപം ഉയര്‍ന്നത്. രാജസ്ഥാനിലും സമാനമായ മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കഫ് സിറപ്പിനെ കുറിച്ച് ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലും കോള്‍ഡ്‌റിഫ് നിരോധിച്ചു.