തിരുവനന്തപുരം: നടി ശ്വേതാ മേനോന് പിന്തുണയുമായി സിനിമാ സാംസ്കാരിക മന്ത്രി സജി ചെറിയാൻ. കരുത്തുറ്റ സ്ത്രീയാണ് ശ്വേത എന്നും സിനിമാ സംഘടനകളുടെ നേതൃനിരയിലേക്ക് സ്ത്രീകൾ വരുന്നതാണ് നല്ലതെന്നും സജി ചെറിയാൻ പറഞ്ഞു. സിനിമ സംഘടനയിലെ പ്രശ്നങ്ങൾ അംഗങ്ങൾ തന്നെ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ശ്വേതാ മേനോനെതിരെയുള്ള കേസ് നിൽക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. നിയമപരമായ വഴിക്കാണ് പോകുന്നത്. സ്ത്രീകൾ നേതൃത്വത്തിലേക്ക് എത്തണം എന്നാണ് വ്യക്തിപരമായ അഭിപ്രായം. ചലച്ചിത്ര നയം വരുമ്പോൾ പല പ്രശ്നങ്ങൾക്കും പരിഹാരമാകും. സംസ്ഥാന സിനിമാ നയം മൂന്ന് മാസത്തിനകം പുറത്ത് വരുമെന്നും സജി ചെറിയാൻ പറഞ്ഞു.
അശ്ലീല ചിത്രത്തിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടി ശ്വേതാ മേനോനെതിരെ കേസെടുത്തത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലായിരുന്നു കേസ് എടുത്തത്. കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
പിന്നാലെ കേസ് ഉടന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹർജി പരിഗണിച്ച കോചതി ശ്വേതാ മേനോന്റെ വാദങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കണ്ടെത്തി കേസിൻ്റെ എഫ്ഐആർ ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.
പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും നടി ശ്വേത മേനോൻ വ്യക്തമാക്കിയിരുന്നു. പരാതിയും കേസും ഗൂഢാലോചനയുടെ ഭാഗമാണെന്ന വിലയിരുത്തലിലാണ് നടി ശ്വേത മേനോൻ. നിലവിൽ വിദേശത്തുള്ള ശ്വേത കൊച്ചിയിലെത്തിയ ശേഷമായിരിക്കും പരാതി നൽകുക.