കൊല്ലം: രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് നിർത്തി അക്രമിച്ച സംഭവത്തിൽ പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത് നിസാര വകുപ്പുകൾ മാത്രം. ഡ്രൈവറുടെ വാച്ച് പിടിച്ച് പറിയ്ക്കാൻ വേണ്ടി മാത്രമാണ് ആംബുലൻസ് തടഞ്ഞ് നിർത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പൊലീസ് എഫ്ഐആറിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് ആംബുലന്‍സ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഹോണ്‍ അടിച്ചതിന് ഡ്രൈവറെ അക്രമികള്‍ മര്‍ദിച്ചത്. കൊട്ടിയം ജംഗ്ഷനിൽ വെച്ചായിരുന്നു അതിക്രമം. സംഭവത്തിൽ ഡ്രൈവറിനെ അക്രമിച്ചതിനും, ആംബുലൻസ് തടഞ്ഞതിനും പൊലീസ് കേസെടുത്തിട്ടില്ല. കേസിൽ പൊലീസ് ഒളിച്ചുകളി തുടരുകയാണെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടുന്നില്ലെന്നുമുള്ള ആക്ഷേപം ഉയരുന്നുണ്ട്.
പത്തനാപുരത്തെ ആശുപത്രിയിൽ നിന്ന് രോഗിയുമായി കൊട്ടിയത്തെ കിംസ് ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു അതിക്രമം. ആംബുലന്‍സ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഹോണ്‍ അടിച്ചതിനാണ് യുവാക്കൾ ചേർന്ന് ആംബുലൻസ് ഡ്രൈവറിനെ മർദിച്ചത്. ആംബുലൻസിൻ്റെ മിറർ അക്രമികൾ തല്ലിതകർത്തു.
ഒരു ബൈക്കില്‍ ഹെല്‍മെറ്റ് പോലുമില്ലാതെ യാത്ര ചെയ്ത മൂന്ന് യുവാക്കള്‍ സര്‍വീസ് റോഡില്‍ വെച്ചാണ് ആംബുലന്‍സ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ പുറത്തിറക്കി മര്‍ദിച്ചത്. അതിക്രമത്തിൽ ആംബുലന്‍സ് ഡ്രൈവര്‍ ബിബിന് പരിക്കേറ്റു. ആംബുലന്‍സില്‍ രോഗിയുണ്ടെന്ന് നാട്ടുകാർ അടക്കം പറഞ്ഞ സാഹചര്യത്തിൽ മാത്രമാണ് യുവാക്കള്‍ ആംബുലന്‍സ് വിട്ടുനല്‍കിയത്.