സിംഗപ്പൂർ കപ്പലായ വാൻ ഹായ് 503ൽ പടർന്ന തീ അണയ്ക്കാൻ കോസ്റ്റ് ഗാർഡ് ശ്രമിക്കുന്നു. Source: X/ PB-SHABD
KERALA

കപ്പലിലെ തീ നിയന്ത്രണവിധേയമായില്ല; കോസ്റ്റ് ഗാർഡിന് അടുക്കാനാവുന്നില്ലെന്ന് റിപ്പോർട്ട്, പരിക്കേറ്റവരെ മംഗളൂരുവിലെത്തിച്ചു

തീ അണയ്ക്കാനുള്ള തീവ്രശ്രമം വിഫലമാകുന്നുവെന്നാണ് വിവരം. കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് കത്തിയെരിഞ്ഞ് വീഴുകയാണ്.

Author : ന്യൂസ് ഡെസ്ക്

ബേപ്പൂർ തീരത്തിന് സമീപം തീപിടിച്ച കപ്പൽ കത്തിയമരുന്നത് തുടരുന്നു. കപ്പലിലെ തീ നിയന്ത്രണവിധേയമാക്കാൻ കഴിയാത്തതിനാൽ രക്ഷാദൗത്യവുമായി എത്തിയ കോസ്റ്റ് ഗാർഡിന് അടുക്കാൻ ആവുന്നില്ലെന്ന് റിപ്പോർട്ട്. തീ അണയ്ക്കാനുള്ള തീവ്രശ്രമം വിഫലമാകുന്നുവെന്നാണ് വിവരം. കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് കത്തിയെരിഞ്ഞ് വീഴുകയാണ്. കോസ്റ്റ് ​ഗാർഡ് ഷിപ്പുകൾക്ക് തീപിടിത്തമുണ്ടായ കപ്പലിന് അടുത്തേക്ക് അടുക്കാൻ സാധിക്കുന്നില്ലെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.

​ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്റ്റർ മാർ​ഗം രാത്രി 11.15 ഓടെ മം​ഗലാപുരത്ത് എത്തിച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.

അപകടത്തിൽപ്പെട്ടവരെ നാവികസേനയുടെ കപ്പലായ ഐഎൻഎസ് സൂറത്തിലാണ് ആദ്യം രക്ഷപ്പെടുത്തിയത്. ഇവർക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കിയിരുന്നു.

ഡെക്കിലുണ്ടായ പൊട്ടിത്തെറിയെ തുടർന്നാണ് സിംഗപ്പൂർ കപ്പലായ വാൻ ഹായ് 503ൽ ഇന്ന് രാവിലെയോടെ തീ പടർന്നത്. 22 ജീവനക്കാരിൽ 18 പേരെ രക്ഷപ്പെടുത്തി. കപ്പൽ ജീവനക്കാരായ നാല് പേരെ കാണാനില്ലെന്ന് സിംഗപ്പൂർ കമ്പനി സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടം നടന്നത് കേരള തീരത്ത് നിന്ന് 80 കിലോമീറ്റർ ദൂരത്താണെന്ന് സിംഗപ്പൂർ മാരിടൈം പോർട്ട് അതോറിറ്റി അധികൃതർ അറിയിച്ചു.

157 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളുണ്ടെന്നാണ് വിവരം. വിവിധ തരം ആസിഡുകൾ, ലിഥിയം ബാറ്ററികൾ, ഗൺ പൗഡർ, ടർപെൻ്റൈൻ അടക്കം തീപിടിത്തത്തിന് സാധ്യതയുള്ള വസ്തുക്കളും കണ്ടെയ്നറുകളിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. തനിയെ തീപിടിക്കുന്നത് ഉൾപ്പടെ നാലുതരം രാസവസ്തുക്കൾ കണ്ടെയ്നറുകളിൽ ഉണ്ടെന്ന് അഴീക്കൽ പോർട്ട് ഓഫീസർ അറിയിച്ചു.

ബിഎസ്എം എന്ന കമ്പനിക്കായിരുന്നു കപ്പലിൻ്റെ നടത്തിപ്പ് ചുമതല. ഈ കമ്പനിയുമായും ഷിപ്പിങ് മന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. ചൈന, മ്യാന്മാര്‍, ഇന്തോനേഷ്യ, തായ്‌ലൻഡ് പൗരന്മാരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്.

SCROLL FOR NEXT