താമരശേരി ചുരത്തിൽ മണ്ണിടിച്ചിൽ  Source; News Malayalam 24X7
KERALA

ദൗത്യം ദുഷ്കരമാക്കി ശക്തമായ മഴയും കോടയും; താമരശേരി ചുരത്തിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു, കുടുങ്ങിയ വാഹനങ്ങൾ കടത്തി വിടും

പ്രദേശത്തെ ശക്തമായ മഴയും കോടെയും ദൗത്യത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്. മണ്ണും കല്ലും നീക്കുന്നതിനിടയിൽ പലതവണയായി മണ്ണിടിച്ചിൽ ഉണ്ടായി.

Author : ന്യൂസ് ഡെസ്ക്

താമരശ്ശേരി ചുരത്തിലെമണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടുകയും ചെയ്യും. ഇരു ഭാഗങ്ങളിലും കുടുങ്ങിയ വാഹനങ്ങൾ കടത്തി വിട്ടതിന് ശേഷം ചുരത്തിൽ ഗതാഗത നിരോധനം തുടരുമെന്നും ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു.

മണ്ണിടിച്ചിലിനെ തുടർന്ന് നിരോധിച്ച ഗതാഗതം പൂർണമായും പുനർസ്ഥാപിക്കുന്നത് ഇനിയും വൈകും. റോഡിലേക്ക് ഇടിഞ്ഞു വീണ കൂറ്റൻ പാറകളും മണ്ണും നീക്കുന്നത് വൈകുന്നേരവും തുടരുകയാണ്. വീണ്ടും മണ്ണ് ഇടിയുന്നതും മോശം കാലാവസ്ഥയുമാണ് മണ്ണ് നീക്കുന്നതിന് തടസ്സമാകുന്നത്. നാളെ ഉച്ചയോട് കൂടിയേ പൂർണ്ണതോതിൽ ഗതാഗതയോഗ്യമാവൂ എന്നാണ് സൂചന.

താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായിട് 20 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. റോഡിലേക്ക് വീണ മണ്ണും കൂറ്റൻ പാറകളും നീക്കിയാൽ മാത്രമേ ഗതാഗതം പുനസ്ഥാപിക്കാൻ സാധികൂ. രാവിലെ ഏഴരയോടുകൂടി മണ്ണ് മാറ്റാൻ ആരംഭിച്ചെങ്കിലും പ്രദേശത്തെ ശക്തമായ മഴയും കോടെയും ദൗത്യത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്. മണ്ണും കല്ലും നീക്കുന്നതിനിടയിൽ പലതവണയായി മണ്ണിടിച്ചിൽ ഉണ്ടായി.

മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ പൊട്ടി നിൽക്കുന്ന കല്ലും മണ്ണും താഴെ എത്തിക്കാൻ ഫയർഫോഴ്സ് സംഘം ശ്രമിച്ചിരുന്നു.അതെ സമയം പ്രഭവ സ്ഥാനത്ത് ടെർമൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ വിള്ളലുകൾ ഒന്നും കണ്ടെത്തിയില്ല. ദേശിയ പാത അതോറിറ്റിയും ജിയോളജി വകുപ്പും, സ്ഥലത്ത് പരിശോധനയും നടത്തി.

പരിശോധന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും ചുരത്തിൽ ബല പരിശോധന നടത്തുക. കല്ലും മണ്ണും നീക്കി സുരക്ഷാ പ്രശ്നങ്ങൾ ഇല്ലെങ്കിൽ ഗതാഗതം ഉടൻ പുനർസ്ഥാപിക്കുമെന്ന് കോഴിക്കോട് വയനാട് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു. എത്രയും വേഗത്തിൽ ഗതാഗതം പുനസ്ഥാപിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് കുടുങ്ങി കിടക്കുന്ന യാത്രക്കാരും ഫയർഫോഴ്സും സന്നദ്ധ സംഘടനകളും.

അതേ സമയം കുറ്റ്യാടി ചുരത്തിൽ രൂക്ഷമായ ഗതാഗത കുരുക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. വയനാട് ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് പൂർണ്ണമായും ഗതാഗതം നിരോധിച്ചതോട് കൂടി കുറ്റ്യാടി വഴി വാഹനങ്ങൾ കൂടുതൽ പോകാൻ ഇടയായതാണ് ഗതാഗതക്കുരുക്കിന് കാരണം.

SCROLL FOR NEXT