KERALA

ആ വാക്ക് പാലിക്കുകയാണ്... വയനാട് ദുരന്ത ബാധിതർക്കായുള്ള ടൗൺഷിപ്പിലെ ആദ്യ ബാച്ച് വീടുകൾ ഫെബ്രുവരി മൂന്നാം വാരം കൈമാറുമെന്ന് ധനമന്ത്രി

ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള വീടുകളുടെ നിർമാണം അവസാനഘട്ടത്തിലാണെന്നും എല്ലാം ഉൾപ്പെട്ട ടൗൺഷിപ്പാണ് ഒരുങ്ങുന്നതെന്നും മന്ത്രി അറിയിച്ചു

Author : ലിൻ്റു ഗീത

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിലെ ആദ്യ ബാച്ച് വീടുകൾ ഫെബ്രുവരി കൈമാറുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഫെബ്രുവരി മൂന്നാം വാരത്തോടെയാണ് വീടുകൾ കൈമാറുക. ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള വീടുകളുടെ നിർമാണം അവസാനഘട്ടത്തിലാണെന്നും എല്ലാം ഉൾപ്പെട്ട ടൗൺഷിപ്പാണ് ഒരുങ്ങുന്നതെന്നും മന്ത്രി അറിയിച്ചു. ദുരന്തബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നതായും മന്ത്രി ഓർമിപ്പിച്ചു.

"കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പുനരധിവാസ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിലാണ് ഏറ്റെടുത്തിരിക്കുന്നത്. മരണപ്പെട്ടവരുടെ ആശ്രിതർക്കും ദുരന്തബാധിതർക്കും പ്രതിമാസ ധനസഹായവും ചികിത്സാ സഹായവും വാടകയും നൽകുന്നതിനൊപ്പം മാതൃകാപരമായ ടൗൺഷിപ്പ് പദ്ധതിയും പൂ‍ർത്തീകരണത്തിലേക്ക് അടുക്കുകയാണ്. കൽപറ്റയിലെ എൽസൺ എസ്റ്റേറ്റിൽ 410 വീടുകളുടെ നി‍ർമാണം പൂ‍ർത്തീകരിക്കുകയാണ്. റോഡ്, ഡ്രെയിനേജ്, പൊതുജനാരോഗ്യ കേന്ദ്രം, മാർക്കറ്റ്, കമ്യൂണിറ്റി സെൻ്റർ, ഓപ്പൺ തിയേറ്റർ, അംഗനവാടി, മലിനജല സംസ്കരണ പ്ലാൻ്റ്, കളിസ്ഥലം എന്നിവയോട് കൂടിയ ആസൂത്രിത ടൗൺഷിപ്പാണ് തയ്യാറാക്കുന്നത്. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ആ വാക്ക് പാലിക്കുകയാണ്. ഫെബ്രുവരി മൂന്നാം വാരത്തോടെ ആദ്യ ബാച്ച് വീടുകൾ അർഹരായവർക്ക് കൈമാറും", കെ.എൻ. ബാലഗോപാൽ.

അതേസമയം, ദുരന്തബാധിതരുടെ കടങ്ങൾ സർക്കാർ ഏറ്റെടുക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ‌‌ദുരന്തബാധിതരുടെ 18.75 കോടി രൂപയുടെ ബാങ്ക് കടങ്ങൾ സർക്കാർ ഏറ്റെടുക്കും. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് തുക അനുവദിക്കുമെന്നും അറിയിച്ചിരുന്നു. 555 പേരുടെ 1620 വായ്പകളാണ് എഴുതി തള്ളുക. ഒരു കുടുംബത്തിലെ ഒന്നിലധികം കടങ്ങളും എഴുതിത്തള്ളും. ലിസ്റ്റിൽ ഉൾപ്പെടാത്തവരെ ഇനിയും പരിഗണിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

ദുരന്ത ബാധിതർക്കായി നിർമിക്കുന്ന മാതൃക ടൗൺഷിപ്പിന്റെ ഭാ​ഗമായി ഇതിനകം തന്നെ 289 വീടുകളുടെ വാർപ്പ് പൂർത്തിയായെന്നാണ് റിപ്പോർട്ട്. 1700 ലധികം തൊഴിലാളികളാണ് ദിവസേന ടൗൺഷിപ്പ് നിർമാണത്തിന്റെ ഭാഗമാവുന്നത്. പ്ലംമ്പിങ്, തേപ്പ്, ഫ്ളോറിങ് എന്നിവ അതിവേഗം പൂർത്തിയാകുന്നുണ്ട്. ഫെബ്രുവരിയിൽ കൈമാറ്റം നടക്കേണ്ടതാൽ വീടുകളുടെ എർത്ത് വർക്ക്, പ്ലെയിൻ സിമന്റ് കോൺക്രീറ്റ് പ്രവൃത്തികൾ, ഷിയർ വാൾ പ്രവർത്തികളും പുരോഗമിക്കുകയാണ്. വീടുകൾ കൈമാറിയാൽ അന്ന് തന്നെ താമസമാരംഭിക്കുന്ന തരത്തിൽ എല്ലാ പണികളും പൂർത്തിയാക്കിയാണ് വീടുകൾ കൈമാറുക എന്നാണ് റിപ്പോർട്ട്.

SCROLL FOR NEXT