Source: Sabha TV
KERALA

പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് തുടക്കം; എംഎൽഎമാരുടെ സത്യപ്രതിജ്ഞ അക്ഷരമാല ക്രമത്തിൽ

പ്രോടെം സ്പീക്കർ ജി. സുധാകരനാണ് എംഎൽഎമാർക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നത്...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് തുടക്കം. നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ രാവിലെ ഒൻപത് മണി മുതൽ ആരംഭിച്ചു. പ്രോടെം സ്പീക്കർ ജി. സുധാകരനാണ് എംഎൽഎമാർക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് സത്യവാചകം ചൊല്ലുന്നത്.

അക്ഷരമാലാ ക്രമമനുസരിച്ച് വി.ഇ. അബ്ദുൾ ഗഫൂറാണ് ആദ്യം സത്യവാചകം ചൊല്ലിയത്. കോൺഗ്രസിൻ്റെ യുവമുഖങ്ങളായ കെ.എം. അഭിജിത്തും അബിന്‍ വര്‍ക്കിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രതിപക്ഷത്ത് നിന്ന് ആദ്യം സത്യപ്രതിജ്ഞ ചെയ്തത് പുനലൂർ എംഎൽഎ സി. അജയ് പ്രസാദാണ്. മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്‌റഫ് കന്നട ഭാഷയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി.ഇ. അബ്ദുൾ ഗഫൂർ, പാറക്കൽ അബ്‌ദുള്ള, ബിന്ദു കൃഷ്ണ തുടങ്ങിയവർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ, സി. അജയ് പ്രസാദ്, എൻ.കെ. അക്ബർ, ഒ.എസ്. അംബിക, വി.ടി. ബൽറാം, കെ.എൻ. ബാലഗോപാൽ തുടങ്ങിയവർ സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാത്ത യുഡിഎഫ് നിരയിലെ ആദ്യ എംഎൽഎയായി വി.ടി. ബൽറാം. ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ടീ ഷർട്ട് ധരിച്ചാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്.

നാളെയാണ് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ്. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ ഒന്ന് മുതൽ മൂന്ന് വരെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ മേലുള്ള ചർച്ചകൾ നടക്കും. അഞ്ചിന് സമ്പൂർണ ബജറ്റ് അവതരിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഈ സഭാ സമ്മേളനത്തിൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി പൊതുജനത്തെ അറിയിക്കാൻ ധവളപത്രവും ഇറക്കുന്നുണ്ട്.

SCROLL FOR NEXT