എറണാകുളം: കുണ്ടന്നൂരിൽ തോക്ക് ചൂണ്ടി 80 ലക്ഷത്തോളം കവർന്ന കേസിൽ മുഖ്യ സൂത്രധാരനെ തിരിച്ചറിഞ്ഞ് പൊലീസ്. കേസിൽ അഞ്ച് പേരാണ് പിടിയിലുള്ളത്. സംഭവത്തിൽ ഉൾപ്പെട്ട രണ്ടു പേരും ഇവരെ സഹായിച്ചു എന്നു കരുതുന്ന 3 പേരുമാണ് ഇതുവരെ പിടിയിലായിട്ടുള്ളത്. ഇതിൽ രണ്ട് പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തിയിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. മുഖംമൂടി ധരിച്ചെത്തി കവർച്ച നടത്തിയ നാല് പേരെ പിടികൂടാനായിട്ടില്ല.
അതേസമയം, സംഭവത്തിൽ നോട്ടിരട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. അരൂർ ബൈപ്പാസിനോടു ചേർന്ന് കുണ്ടന്നൂരിലുള്ള നാഷണൽ സ്റ്റീൽ കമ്പനിയിൽ ഇന്നലെ വൈകിട്ട് മൂന്നേകാലോടെയായിരുന്നു സംഭവം. സ്റ്റീൽ കമ്പനി ഉടമ തോപ്പുംപടി സ്വദേശി സുബിൻ തോമസാണ് മരട് പൊലീസിൽ പരാതി നൽകിയത്.
എറണാകുളം സ്വദേശി ജോജിയാണ് കേസിലെ മുഖ്യപ്രതി. ഇപ്പോൾ പിടിയിലായിട്ടുള്ള വടുതല സ്വദേശി സജി 25% പണം ഇരട്ടിപ്പിക്കൽ വാഗ്ദാനം ചെയ്താണ് കൂട്ടാളികൾക്കൊപ്പം കവർച്ച നടത്തിയത്. നിലവിൽ കസ്റ്റഡിയലുള്ള അഞ്ച് പേരിൽ സജി, വിഷ്ണു എന്നി രണ്ടുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കവർച്ച നടത്തിയ മുഖംമൂടി ധാരികളെ കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പണം നഷ്ടമായ സുബിന്റെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം നടത്തും.
തോക്ക് ചൂണ്ടി 80 ലക്ഷം കവർന്നതിൽ പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. പണം നഷ്ടമായ സുബിനുമായി പ്രതികൾ സംസാരിക്കുന്നതാണ് ദൃശ്യങ്ങളിൽ വ്യക്തമാണ്. സമീപത്തെ ഹോട്ടലിൽ വച്ച് പണം ഇരട്ടിപ്പിക്കൽ ഡീൽ ഉറപ്പിച്ച ശേഷമായിരുന്നു കവർച്ച. പണം നഷ്ട്ടമായ സുബിൻ തോമസിൻ്റെ മൊഴി പോലീസ് രേഖപ്പെടുത്തി.