പത്തനംതിട്ട: നാടിനെ ഞെട്ടിച്ച ഹണി ട്രാപ്പ് കേസിലെ നിർണായ വിവരങ്ങൾ ന്യൂസ് മലയാളത്തിന്. പ്രതി രശ്മിയുടെ ഫോണിൽ ഉള്ളത് അഞ്ച് വീഡിയോ ക്ലിപ്പുകൾ. രശ്മിയും ആലപ്പുഴ സ്വദേശി യുവാവും നഗ്നരായി നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് നാളെ അപേക്ഷ സമർപ്പിക്കും. പരാതിക്കാരിൽ റാന്നി സ്വദേശിയായ 30കാരൻ ജയേഷിന്റെയും രശ്മിയുടെയും വിവാഹ നടത്തിപ്പിൽ ഇടപെട്ട ആളെന്നും അന്വേഷണ സംഘം കണ്ടെത്തി.
രണ്ട് യുവാക്കൾക്കും രശ്മിയുമായി സൗഹൃദബന്ധം ഉണ്ടായിരുന്നെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. ഇരുവരുമായുള്ള രശ്മിയുടെ സ്വകാര്യ ചാറ്റ് ഭർത്താവ് ജയേഷ് കാണുകയായിരുന്നു. തുടർന്ന് ഇവരെ വീട്ടിലേക്ക് എത്തിക്കാൻ രശ്മിയോട് ആവശ്യപ്പെടുകയും ചെയ്തു.
വീട്ടിലെത്തിച്ച ശേഷം ക്രൂര പീഡനത്തിനാണ് ഇരുവരും ഇരയായത്. 23 സ്റ്റാപ്ലർ പിന്നുകളാണ് റാന്നി സ്വദേശിയായ യുവാവിന്റെ ജനനേന്ദ്രിയത്തിൽ പ്രതികൾ തറച്ചത്. ശേഷം കെട്ടിത്തൂക്കിയിട്ട് അതിക്രൂരമായി മർദ്ദിച്ചു. ആലപ്പുഴ സ്വദേശിയായ യുവാവിനും സമാനമായ പീഡനങ്ങൾ നേരിടേണ്ടിവന്നു. നഖത്തിനിടയിൽ മൊട്ടുസൂചി കുത്തുകയും നഖം പിഴുതെടുക്കാൻ ശ്രമിക്കുകയും ചെയ്തു. മുഖത്തും ജനനേന്ദ്രിയങ്ങളിലും പേപ്പർ സ്പ്രേ അടിച്ചത് ഉൾപ്പെടെ മനുഷ്യനോട് കാണിക്കാവുന്ന എല്ലാ ക്രൂരതകളും പ്രതികളായ ജയേഷും ഭാര്യ രശ്മിയും നടത്തി. ആഭിചാരക്രിയയാണ് നടന്നത് എന്ന് സംശയിക്കുന്നതായി പീഡനത്തിന് ഇരയായ യുവാവ് പറഞ്ഞു.
പ്രതികൾ സൈക്കോ മനോനിലയുള്ളവരാണെന്നാണ് പൊലീസ് പറയുന്നത്. ആരുമായും കാര്യമായ സഹകരണമില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ക്രൂര പീഡനങ്ങൾക്കൊപ്പം ഇരകളുടെ മൊബൈൽ ഫോൺ തട്ടിയെടുക്കുകയും പണം അപഹരിക്കുകയും ചെയ്തു. യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിപ്പിച്ച്, ദൃശ്യങ്ങൾ പകർത്തി.