ഉമ്മൻചാണ്ടിയെ അനുകൂലിച്ച് കോട്ടയത്ത് ഫ്ളക്സ് ബോർഡുകൾ 
KERALA

"ഒന്നും മറന്നിട്ടില്ല വിജയാ"; ഉമ്മൻചാണ്ടിയെ അനുകൂലിച്ച് കോട്ടയത്ത് ഫ്ളക്സ് ബോർഡുകൾ

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ സർക്കാർ നിലപാടിനെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.

Author : ന്യൂസ് ഡെസ്ക്

കോട്ടയം: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ കേസെടുക്കാത്തതിനെ ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ കോട്ടയത്ത് ഉമ്മൻചാണ്ടിയുടെ ചിത്രവുമായി ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല എന്നാണ് ഫ്ലക്സ് ബോർഡിലുള്ളത്. ഒന്നും മറന്നിട്ടില്ല വിജയാ എന്നും വാചകത്തിലുണ്ട്. കോൺഗ്രസ് നേതൃത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പോസ്റ്ററാണ് നഗരത്തിൻ്റെ പല ഭാഗത്തും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

കിട്ടുന്ന അവസരം വേണ്ടെന്നു വെക്കാനല്ല സർക്കാരിനെ തെരഞ്ഞെടുത്തതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. കടന്നുവന്ന രാഷ്ട്രീയ വഴികള്‍ മറക്കരുതെന്നും നേതൃത്വത്തെ അദ്ദേഹം ഓർമ്മിപ്പിക്കുകയും ചെയ്തു. കഴിഞ്ഞദിവസം പൊതുപരിപാടിയിൽ നടന്ന പ്രസംഗത്തിലാണ് മാത്യു കുഴൽനാടൻ തൻ്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്. ഇതിനിടയാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പിണറായി വിജയന്‍ സര്‍ക്കാര്‍ വേട്ടയാടിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മറക്കാന്‍ കഴിയില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞിരുന്നു. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന് മുന്നില്‍ ഉമ്മന്‍ചാണ്ടി ഇരിക്കുന്ന ചിത്രം ഇന്നും കാണുമ്പോഴും ഒരു വൈകാരികമായ ബുദ്ധിമുട്ട് ഉണ്ടാക്കും. ഒരു തെറ്റും ചെയ്യാത്ത ഒരു മനുഷ്യനെ ലോകത്തിന് മുന്നില്‍ വിചാരണ ചെയ്ത കാഴ്ച ഇന്നും മറക്കാന്‍ പറ്റില്ലെന്നും എംഎൽഎ പറഞ്ഞിരുന്നു.

SCROLL FOR NEXT