കഴിഞ്ഞ ദിവസം മരിച്ച രണ്ട് വയസുകാരനെ ഏറ്റെടുക്കാനെത്തിയ സിഡബ്ല്യുസിക്കാരെ അമ്മ തടയുന്ന ദൃശ്യങ്ങൾ പുറത്ത് 
KERALA

നവജാത ശിശുവിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുന്നതിൽ അനിശ്ചിതത്വം; രാഹുലിനെ ഏറ്റെടുക്കാൻ വന്നപ്പോഴും അമ്മ തടയുന്ന ദൃശ്യങ്ങൾ പുറത്ത്

കുഞ്ഞിന് പോഷകാഹാകാരക്കുറവ് ഉണ്ടെന്ന് അറിയിച്ചിട്ടും, പട്ടിണി കിടക്കാതെ കുട്ടികളെ സംരക്ഷിക്കാമെന്ന് അറിയിച്ചിട്ടും അമ്മ താര കുട്ടികളെ വിട്ടുനൽകിയില്ല.

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിലെ രാജേഷ്-താര ദമ്പതികളുടെ നവജാത ശിശുവിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുന്നതിൽ അനിശ്ചിതത്വം. കുഞ്ഞിനെ വിട്ടുനൽകാൻ കഴിയില്ലെന്ന് അമ്മ താര പറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. അതിനിടെ രണ്ട് വയസുകാരൻ രാഹുലിൻ്റെ മരണത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ പൊലീസ് നടപടികൾ തുടങ്ങിയിട്ടുണ്ട്.

അതേസമയം രണ്ടു വയസുകാരനായ രാഹുൽ എന്ന കുഞ്ഞ് പോഷകാഹാരക്കുറവും കടുത്ത വിളർച്ചയും കാരണം മരിച്ച സംഭവം കേരളത്തെ നടുക്കിയ സംഭവമാണ്. മരിച്ച രണ്ട് വയസുകാരനെ ഏറ്റെടുക്കാനെത്തിയ സിഡബ്ല്യുസി ജീവനക്കാരെ അമ്മ തടയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വീട്ടിൽ കയറാൻ പോലും സമ്മതിക്കാതെ താര അസഭ്യം പറയുന്നത് ദൃശ്യങ്ങളിലുണ്ട്. കുട്ടികളെ കൊണ്ടുപോകാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്നും കുഞ്ഞുങ്ങളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി താര ഉദ്യോഗസ്ഥരെ തടയുകയായിരുന്നു എന്ന് വാർഡ് മെമ്പർ പറഞ്ഞു.

കുഞ്ഞിന് പോഷകാഹാകാരക്കുറവ് ഉണ്ടെന്ന് അറിയിച്ചിട്ടും, പട്ടിണി കിടക്കാതെ കുട്ടികളെ സംരക്ഷിക്കാം എന്ന് അറിയിച്ചിട്ടും വിട്ടു നൽകിയില്ല. മഹാദേവികാട് സ്വദേശികളായ രാജേഷ്-താര ദമ്പതികളുടെ ആറാമത്തെ കുട്ടിയായിരുന്നു രാഹുൽ. അമ്മ താര തങ്ങളുടെ ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകാൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സമയത്താണ് വീട്ടിൽ പിതാവിനൊപ്പം ഉണ്ടായിരുന്ന രണ്ട് വയസുകാരൻ മരണപ്പെടുന്നത്.

പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പിതാവ് ആദ്യം പറഞ്ഞതെങ്കിലും പോസ്റ്റ്‌മോർട്ടത്തിൽ കടുത്ത പോഷകാഹാരക്കുറവും വിളർച്ചയുമാണ് മരണകാരണമെന്ന് കണ്ടെത്തുകയായിരുന്നു. രണ്ട് വയസുള്ള കുട്ടിക്ക് 12 കിലോയോളം തൂക്കം വേണ്ട സ്ഥാനത്ത് രാഹുലിന് വെറും 7 കിലോ മാത്രമാണ് ഉണ്ടായിരുന്നത്. ഈ സംഭവത്തെ തുടർന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കൂടാതെ ദമ്പതികളുടെ നാല് പെൺകുട്ടികളെ ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ സുരക്ഷിത സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

SCROLL FOR NEXT