Source: News Malayalam 24x7
KERALA

IMPACT | നിലമ്പൂരിൽ വനംകൊള്ള നടന്നതായി സ്ഥിരീകരിച്ച് വനം വകുപ്പ്; ഭൂമി തിരിച്ചു പിടിക്കാൻ ഡിഎഫ്ഒയുടെ ശുപാർശ; അന്വേഷണത്തിനായി പ്രത്യേക സംഘം

അനുജത്തി തമ്പുരാട്ടിക്ക് പുള്ളിപ്പാടം, അകമ്പാടം, മമ്പാട് വില്ലേജ് പരിധികളിൽ ഭൂമിയില്ലെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയെന്നാണ് ഡിഎഫ്ഒയുടെ റിപ്പോർട്ടിലുള്ളത്

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: നിലമ്പൂരിലെ വനം കൊള്ളയിൽ നടപടിയുമായി വനം വകുപ്പ്. വനം കൊള്ള നടന്നതായി സ്ഥിരീകരിക്കുന്ന റിപ്പോർട്ട് നിലമ്പൂർ നോർത്ത് ഡിഎഫ്ഒ ജില്ലാ കളക്ടർക്ക് നൽകി. കെ.സി. അനുജത്തി തമ്പുരാട്ടി എന്ന ഇല്ലാത്ത ജന്മിയുടെ പേരിൽ ഉദ്യോഗസ്ഥ മാഫിയയുടെ സഹായത്തോടെ വ്യാജ പട്ടയങ്ങൾ നിർമിച്ച് നടത്തിയ വൻ വനം കൊള്ളയുടെ വിശദാംശങ്ങൾ ഇക്കഴിഞ്ഞ ദിവസമാണ് ന്യൂസ് മലയാളം പുറത്തുവിട്ടത്. 200 ഏക്കറിലേറെ വനഭൂമിയാണ് ഉദ്യോഗസ്ഥ മാഫിയാ സംഘത്തിൻ്റെ പിന്തുണയോടെ നിലമ്പൂരിലെ വനം കൊള്ളക്കാർ തട്ടിച്ചെടുത്തത്. ന്യൂസ് മലയാളം പുറത്തുകൊണ്ടുവന്ന വാർത്തയിൽ ഇപ്പോൾ വനംവകുപ്പിൻ്റെ ആദ്യ നടപടി വന്നിരിക്കുന്നു.

അനുജത്തി തമ്പുരാട്ടിക്ക് പുള്ളിപ്പാടം, അകമ്പാടം, മമ്പാട് വില്ലേജ് പരിധികളിൽ ഭൂമിയില്ലെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയെന്നാണ് ഡിഎഫ്ഒയുടെ റിപ്പോർട്ടിലുള്ളത്. റവന്യു, സർവ്വേ വകുപ്പുകളെ ഉൾപ്പെടുത്തി സംയുക്ത പരിശോധന നടത്തി സർക്കാർ അനുവദിച്ച രേഖകൾ റദ്ദ് ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു. വനം കൊള്ളയിൽ വിശദമായ അന്വേഷണത്തിന് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചു.

ലഭിച്ച പരാതിയിലെ വ്യാജ പട്ടയ ഉടമയെ കുറിച്ച് നിലമ്പൂർ നോർത്ത് ഡിഎഫ്ഒ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഭൂമി കൊള്ള നടന്നതായി കണ്ടെത്തിയത്. കെ.സി. അനുജത്തി തമ്പുരാട്ടിയെ ജന്മിയാക്കി പട്ടയം നിർമിക്കാൻ അവർക്ക് നിലമ്പൂർ താലൂക്കിലെ പുള്ളിപ്പാടം, അകമ്പാടം മമ്പാട് വില്ലേജുകളിൽ ഭൂമി ഇല്ല എന്ന് കാണുന്നതായാണ് ഡിഎഫ്ഒയുടെ റിപ്പോർട്ടിലുള്ളത്. വ്യാജ രേഖ ചമച്ച് ഭൂമി കൈവശം വച്ച് വരുന്നവരുടെ കയ്യിൽ നിന്നും ഭൂമി തിരിച്ചു പിടിക്കാൻ നടപടി സ്വീകരിക്കണം. വ്യാജ പട്ടയം ഉപയോഗിച്ച് നേടിയിട്ടുള്ള സർക്കാർ രേഖകൾ പൂർണമായും റദ്ദാക്കി ഭൂമി വീണ്ടെടുക്കണമെന്നും ഡിഎഫ്ഒ ജില്ല കലക്ടർക്ക് നൽകിയ റിപ്പോർട്ട് നിർദേശിക്കുന്നു. ഡിഎഫ്ഒയുടെ പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ല കലക്ടർ വിവിധ വകുപ്പ് മേധാവികൾ അംഗങ്ങളായുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

ജില്ലാകലക്ടർക്കു പുറമെ തിരൂർ, പെരിന്തൽ മണ്ണ സബ് കളക്ടർമാർ നിലമ്പൂർ നോർത്ത്, സൗത്ത് ഡിഎഫ്ഒമാർ ഭൂപരിഷ്കരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ, മലിനീകരണ നിയന്ത്രണ വകപ്പ് ലെ രണ്ട് എഞ്ചിനീയർമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഫീൽഡ് തല പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കലാണ് അന്വേഷണ സംഘത്തിൻ്റെ ചുമതല. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടിക്കാണ് സർക്കാർ നീക്കം.

SCROLL FOR NEXT